Akshaya Udayakumar: From Viral Reels Star to ‘Magic Mushrooms’ Debut in Malayalam Cinema

2026-01-29 01:51:00

തെരുവുനാടക വേദികളിൽ അഭിനയത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുമ്പോൾ അക്ഷയ എന്ന പാലക്കാട്ടുകാരി കരുതിയിരുന്നില്ല, വർഷങ്ങൾക്കിപ്പുറം മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ നാദിർഷയുടെ സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുമെന്ന്. സോഷ്യൽ മീഡിയയിലെ തരംഗമായ റീൽസുകളിൽ നിന്ന് ബിഗ് ബോസിന്റെ പ്രശസ്തിയിലേക്കും അവിടെ നിന്ന് വെള്ളിത്തിരയിലേക്കും അക്ഷയ നടന്നുകയറിയത് കഠിനാധ്വാനത്തിന്റെയും കലയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും കരുത്തിലാണ്. ‘മാജിക് മഷ്റൂംസ്’ എന്ന ചിത്രത്തിലെ ‘ജാനകി’ എന്ന കഥാപാത്രത്തിന് പ്രേക്ഷകർ നൽകുന്ന വലിയ സ്വീകാര്യതയുടെ സന്തോഷത്തിലാണ് താരം. സിനിമാ വിശേഷങ്ങളും പ്രിയപ്പെട്ട സംവിധായകൻ നാദിർഷയ്ക്കൊപ്പമുള്ള അനുഭവങ്ങളും മനോരമ ഓൺലൈനോട് പങ്കുവയ്ക്കുകയാണ് നടി അക്ഷയ ഉദയകുമാർ.

നാടകവേദികളിൽ നിന്ന് തുടക്കം

ചെറുപ്പം മുതൽക്കേ നൃത്തത്തോടും നാടകത്തോടും എനിക്ക് വലിയ താല്പര്യമായിരുന്നു.  ഞാൻ ചെന്നൈയിൽ തിയറ്റർ ഒക്കെ ചെയ്തിരുന്നു.  സ്കൂളിൽ പഠിക്കുമ്പോൾ മുതൽ നൃത്തം ചെയ്യും. നാടകങ്ങളിൽ അഭിനയിച്ചിരുന്നു. തെരുവ് നാടകങ്ങളിലും അഭിനയിക്കുമായിരുന്നു.  സിനിമ എനിക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന മേഖലയാണെന്ന് തോന്നിയിട്ടില്ല.  ഒരിക്കൽ ഒരു തെരുവുനാടകം കണ്ടുനിന്ന ഒരു ചേച്ചി വികാരാധീനയായി കരഞ്ഞ വാർത്ത ടീച്ചർ പറഞ്ഞപ്പോൾ, എന്റെ അഭിനയം മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ടെന്ന തിരിച്ചറിവ് എനിക്ക് വലിയൊരു ഊർജ്ജം നൽകി. സ്റ്റേജിൽ നിന്ന് കിട്ടുന്ന ആ സംതൃപ്തിയാണ് എന്റെ വഴി കലയാണെന്ന് എന്നെ ബോധ്യപ്പെടുത്തിയത്. പിന്നീട് ഞാൻ റീൽസ് ഒക്കെ ചെയ്തു തുടങ്ങി. എന്റെ സഹോദരനും അഭിനയത്തിൽ താല്പര്യമുണ്ട്. അപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് റീൽസ് ചെയ്തു തുടങ്ങി.

ചെന്നൈ വഴി വെള്ളിത്തിരയിലേക്ക്

കോവിഡ് സമയത്ത് ഞങ്ങൾ ചെയ്ത റീൽസ് നിരവധി പേർ കണ്ടു. പലതും വൈറലായി. അങ്ങനെയാണ് ‘ലവ് ടുഡേ’ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. അതിൽ പ്രദീപ് രംഗനാഥന്റെ കൂടെ ഒരു ചെറിയ റോൾ ലഭിച്ചു. അതിനു ശേഷം തമിഴ് ബിഗ് ബോസിലേക്ക് വിളിച്ചു. ബിഗ് ബോസിൽ, അഭിനയം ഒക്കെ ചെയ്യുമ്പോൾ നല്ലൊരു വിസിബിലിറ്റി കിട്ടും എന്നതുകൊണ്ടാണ് ഞാൻ പോയത്. അവിടെ 60 ദിവസം നിന്നു. സിനിമ ചെയ്യണം എന്നതായിരുന്നു എന്നും ആഗ്രഹം. അങ്ങനെ ഇരിക്കുമ്പോഴാണ് ‘മാജിക് മഷ്റൂംസ്’ എന്ന സിനിമയിലേക്ക് വിളി വരുന്നത്. ഇവിടെ വന്ന് ഓഡിഷൻ ചെയ്തപ്പോൾ ഓക്കേ ആയി. അങ്ങനെയാണ് മാജിക്ക് മഷ്റൂംസിലെ നായികയായത്.  ഇതിനിടെ ‘ഹയ’ എന്നൊരു സിനിമയും ചെയ്തു.

akshaya-udayakumar454

മാജിക് മഷ്റൂം സിനിമയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം

നാദിർഷ എന്ന സംവിധായകൻ

നാദിർഷിക്ക മലയാളി പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ട ഒരാളാണ്. ഞാൻ ഈ സിനിമ ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ എന്നെക്കാൾ അധികം സന്തോഷിച്ചതും ആവേശഭരിതരായതും എന്റെ മാതാപിതാക്കളാണ്. കാരണം, മലയാള സിനിമയിൽ നാദിർഷിക്കയുടെ സ്ഥാനം എത്രത്തോളമാണെന്ന് അവർക്ക് നന്നായി അറിയാം. അദ്ദേഹം സിനിമയിലേക്ക് അവതരിപ്പിച്ച പലരെയും കുറിച്ച് അച്ഛനും അമ്മയും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ അവസരം എന്നെയും ഒരുപാട് സന്തോഷിപ്പിച്ചു.  നാദിർഷിക്കയോടൊപ്പം വർക്ക് ചെയ്തപ്പോൾ എനിക്ക് തോന്നിയ പ്രധാന കാര്യം, ഞാൻ ഒരു തുടക്കക്കാരിയാണെന്ന തോന്നൽ അദ്ദേഹം ഒരിക്കലും ഉണ്ടാക്കിയില്ല എന്നതാണ്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അദ്ദേഹം വലിയ സ്പേസ് നൽകുന്നുണ്ട്. നമ്മുടെ അഭിപ്രായങ്ങൾ കേൾക്കാനും കഥാപാത്രത്തിനായി നമ്മൾ നൽകുന്ന സജഷനുകൾ സ്വീകരിക്കാനും അദ്ദേഹം തയ്യാറാണ്. ആ ഒരു ആത്മവിശ്വാസം ഉള്ളതുകൊണ്ട് തന്നെയാണ് എനിക്ക് ഈ കഥാപാത്രം ഇത്ര ധൈര്യത്തോടെ ചെയ്യാൻ സാധിച്ചത്.

akshaya-udayakumar

മാജിക് മഷ്റൂംസിലെ ജാനകി

ജാനകിയും ഞാനും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഞാൻ സാധാരണയായി ഒരാളെ കാണുമ്പോൾ ആദ്യം തന്നെ പുഞ്ചിരിക്കുന്ന സ്വഭാവക്കാരിയാണ്. എന്നാൽ ജാനകി നേരെ തിരിച്ചാണ്. അവളുടെ പേഴ്സണാലിറ്റിയും കാഴ്ചപ്പാടുകളും തികച്ചും വ്യത്യസ്തമാണ്. ജാനകിയുടെ ജീവിതവീക്ഷണം വളരെ മനോഹരമാണെന്ന് ആ കഥാപാത്രത്തെ ചെയ്തപ്പോൾ എനിക്ക് മനസ്സിലായി. ഇപ്പോൾ ജാനകിയുടെ ചില ഗുണങ്ങൾ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്.  തയ്യാറെടുപ്പുകളുടെ കാര്യമെടുത്താൽ, അവളുടെ ശരീരഭാഷ ശ്രദ്ധിക്കേണ്ടി വന്നു. എന്റെ നടത്തവും ചലനങ്ങളും ജാനകിയുടേതിൽ നിന്ന് വ്യത്യസ്തമാണ്. സംസാരരീതിയിലും മാറ്റമുണ്ട്. ഞാൻ ഒരുപാട് സംസാരിക്കുന്ന ആളാണ്, എന്നാൽ ജാനകി പലപ്പോഴും ‘ഉം’ എന്നൊരു മൂളലിൽ മറുപടി ഒതുക്കുന്ന ആളാണ്. ആ ചുരുളൻ മുടിയും ലുക്കും എല്ലാം ജാനകി എന്ന കഥാപാത്രത്തിന്റെ ഭാഗമാണ്. എങ്കിലും ഞാനും ജാനകിയും തമ്മിൽ ഒരു സാമ്യമുണ്ട്; സമൂഹത്തിന്റെ നിയമങ്ങൾക്ക് വശപ്പെടാതെ സ്വന്തം കാഴ്ചപ്പാടുകളിൽ ഉറച്ചുനിൽക്കുന്ന സ്വഭാവം ഞങ്ങൾ രണ്ടുപേർക്കും ഒരുപോലെയുണ്ട്.

akshaya-udayakumar4567

വിഷ്ണു ഉണ്ണികൃഷ്ണൻ നൽകിയ  പിന്തുണ

വിഷ്ണു ഉണ്ണികൃഷ്ണൻ ചേട്ടൻ ആൾക്കാർക്ക് വളരെ പെട്ടെന്ന് ഇഷ്ടപ്പെടുന്ന ഒരു പ്രകൃതമുള്ള ആളാണ്. ആ ഒരു സ്വാഭാവികത അദ്ദേഹം കഥാപാത്രത്തിലേക്കും കൊണ്ടുവരുന്നുണ്ട്. ആദ്യമായി ഓഡിഷന് പോയപ്പോൾ തന്നെ അദ്ദേഹം എന്നെ വളരെ കംഫർട്ടബിൾ ആക്കി. തുടക്കകാരി എന്ന നിലയിൽ എനിക്ക് സഹപ്രവർത്തകരുടെ പിന്തുണ അത്യാവശ്യമായിരുന്നു. വിഷ്ണു ചേട്ടൻ നൽകിയ ആ പിന്തുണ ജാനകി എന്ന കഥാപാത്രത്തിലേക്ക് എളുപ്പത്തിൽ ഇറങ്ങിച്ചെല്ലാൻ എന്നെ സഹായിച്ചു.

akshaya-udayakumar45

‘അയ്യോ, തീർന്നല്ലോ’ എന്ന് തോന്നിപ്പിച്ച സെറ്റ്

സിനിമയിൽ എനിക്ക് കൂടുതൽ കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നത് മനീഷ ചേച്ചിയോടൊപ്പമാണ്. അച്ഛനായി അഭിനയിച്ചത് ബോബി ചേട്ടനാണ്. ഈ സിനിമയുടെ സെറ്റ് എനിക്ക് വലിയൊരു കുടുംബം പോലെയായിരുന്നു. ആദ്യ സ്കെഡ്യൂൾ കഴിഞ്ഞപ്പോൾ തന്നെ “അയ്യോ, തീർന്നല്ലോ” എന്ന വിഷമമാണ് ഉണ്ടായത്. അത്രയും നല്ല അന്തരീക്ഷമായിരുന്നു അവിടെ. സിനിമ നന്നാവണമെന്ന് അവിടെയുള്ള എല്ലാവർക്കും വലിയ ആഗ്രഹമുണ്ടായിരുന്നു. ഡയറക്ഷൻ ടീം, ഹെയർ സ്റ്റൈലിസ്റ്റ്, കണ്ടിന്യൂറ്റി നോക്കുന്നവർ അങ്ങനെ എല്ലാവരും ആത്മാർത്ഥമായാണ് വർക്ക് ചെയ്തത്.

ഷൂട്ടിങ്ങിന് ഇടയിൽ ടെക്നിക്കൽ ഇഷ്യൂസ് വരുമ്പോൾ ബോറടിച്ചിരിക്കാതെ നാദിർഷിക്കയും മനീഷ ചേച്ചിയും സുജിത്തേട്ടനും ബോബി ചേട്ടനുമെല്ലാം ചേർന്ന് പാട്ടുപാടിയും താളം പിടിച്ചുമൊക്കെ ആ സമയം ആസ്വദിക്കുമായിരുന്നു. അത് വലിയൊരു വൈബ് ആയിരുന്നു. ക്യാമറാമാൻ സുജിത്തേട്ടൻ ഫ്രെയിമുകളുടെ കാര്യത്തിലാണെങ്കിലും അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒരു സീൻ നന്നായി ചെയ്താൽ അദ്ദേഹം വന്ന് അഭിനന്ദിക്കുമായിരുന്നു. പുതിയ ഒരാൾക്ക് കിട്ടുന്ന അത്തരം അഭിനന്ദനങ്ങൾ വലിയ ഊർജ്ജമാണ് നൽകുന്നത്.  ഇനിയും നല്ല സിനിമകളുടെ ഭാഗമാകണം എന്നാണു ആഗ്രഹം.

akshaya-udayakumar4543

പ്രേക്ഷകരുടെ സ്നേഹവും ജാനകിക്ക് ലഭിച്ച അംഗീകാരവും

ഞാൻ സോഷ്യൽ മീഡിയയിൽ റീൽസ് ഒക്കെ ചെയ്യുന്ന സമയത്ത് “റീൽസ് കൊള്ളാം” എന്നൊക്കെയായിരുന്നു കമന്റുകൾ വന്നിരുന്നത്. എന്നാൽ ഇപ്പോൾ “സിനിമ സൂപ്പർ, അഭിനയം നന്നായിട്ടുണ്ട്” എന്നൊക്കെ കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു. സിനിമ ഇറങ്ങിയ ശേഷം ഉണ്ടായ എക്സൈറ്റ്മെന്റ് വളരെ വലുതാണ്. സിനിമ കണ്ടിറങ്ങിയ ഒരു കൊച്ചു പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ച് സംസാരിച്ചത് വലിയൊരു അംഗീകാരമായി ഞാൻ കരുതുന്നു. തിയറ്ററുകളിൽ നിന്ന് ആളുകൾ ജാനകി എന്ന് വിളിക്കുന്നത് കേൾക്കുമ്പോഴും, “പുതിയ കുട്ടിയാണെന്ന് തോന്നുന്നില്ലല്ലോ, നന്നായി ചെയ്തിട്ടുണ്ട്” എന്ന് പറയുമ്പോഴും എനിക്ക് വലിയ സന്തോഷമുണ്ട്.

akshaya-udayakumar-family

കുടുംബം എന്റെ കരുത്ത്

ഞങ്ങൾ പാലക്കാടുകാരാണ്.  വീട്ടിൽ അച്ഛൻ, അമ്മ, ഏട്ടൻ എന്നിവരാണുള്ളത്. ഏട്ടനും ഒരു ആർട്ടിസ്റ്റാണ്. അഭിനയത്തിലും സംവിധാനത്തിലും ഏട്ടന് താല്പര്യമുണ്ട്. മാർച്ചിൽ ഏട്ടന്റെ ഒരു മലയാള സിനിമ റിലീസ് ആകുന്നുണ്ട്. എന്റെ ഈ സിനിമായാത്രയിൽ ഏട്ടന് വലിയ പങ്കുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് ഇതിലേക്ക് വന്നതും റീൽസും സ്ക്രിപ്റ്റും ഒക്കെ പരീക്ഷിച്ചതും. അമ്മ ബിസിനസ് ചെയ്യുന്നു. ഗൾഫിലായിരുന്ന അച്ഛൻ ഇപ്പോൾ അമ്മയോടൊപ്പം ബിസിനസിൽ ആണ്.

Leave a Comment