2026-02-04 01:59:00
തമിഴ്നാട് സർക്കാരിന്റെ 2020ലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവാർത്ത ആദ്യം വിശ്വസിച്ചില്ല വർഷ രഞ്ജിത്തെന്ന ഇരുപതുകാരി. പതിനാല് വയസിൽ പാടിയ പാട്ടിന് ഇക്കാലമത്രയും കഴിഞ്ഞൊരു പുരസ്കാരമെന്നത് വർഷയുടെ ലോജിക് അംഗീകരിച്ചില്ല. അച്ഛൻ രഞ്ജിത് വാസുദേവന്റെ ഫോണിൽ അഭിനന്ദനമറിയിച്ചുള്ള ഫോൺകോളുകളെത്തി തുടങ്ങിയപ്പോഴാണ് വർഷ പുരസ്കാരനേട്ടത്തിൽ സന്തോഷിച്ച് തുടങ്ങിയത്. പതിനാല് വയസിൽ നന്നായി അധ്വാനിച്ച് പാടിയ ഒരു പാട്ടിനെത്തേടി അർഹതയ്ക്കുള്ള അംഗീകാരമെത്തുമ്പോഴും പാടിത്തെളിയണമെന്നത് മാത്രമാണ് വർഷയുടെ പ്രാർഥന. സംഗീതസംവിധായകൻ ഔസേപ്പച്ചൻ പാട്ട് പറഞ്ഞുകൊടുത്തു. കഥാ സന്ദർഭവും വിവരിച്ചു. വർഷ ജനിച്ച് വളർന്നത് തമിഴ്നാട്ടിലാണ്. പ്ലസ്ടു വരെ പഠിച്ചത് തമിഴ്നാട്ടിലാണെങ്കിലും പതിനാല് വയസ്സിൽ തമിഴ് അത്രയും ആഴത്തിൽ അറിയില്ലായിരുന്നു. എന്നാൽ താമരയുടെ വരികളുടെ ആഴം വർഷയുടെ കണ്ണ് നനയിച്ചു. സംഗീതം നൽകിയ ഔസേപ്പച്ചനും വരികളെഴുതിയ താമരയും പാടിയ വർഷയും കരഞ്ഞൊരു കഥയുമുണ്ട് ‘ആഗായം മേലെ’ എന്ന ഗാനത്തിന്.
വർഷ രജ്ഞിത്ത് മനോരമ ഓൺലെനിനോട്
ആഗായം മേലെ …അപ്പാ നീ കീഴെ
പതിനാലാം വയസിലാണ് ‘തായ് നില’ത്തിനായി പാടാൻ അച്ഛനൊപ്പം ഔസേപ്പച്ചൻ അങ്കിളിന്റെ അടുത്തേക്ക് പോയത്. ചെന്നൈയിലായിരുന്നു റെക്കോർഡിങ്ങ്. പ്ലസ് ടു വരെ ഞാൻ ചെന്നൈയിലാണ് പഠിച്ചത്. ഔസേപ്പേച്ചൻ അങ്കിൾ പാട്ടും വരികളുടെ അർഥവും പറഞ്ഞുതന്നു. അച്ഛനെ കുറിച്ച് മകൾ പാടുന്നതാണ്. എനിക്ക് എന്റെ അച്ഛനെയാണ് ഓർമവന്നത്. അത് ആലോചിച്ചപ്പോൾ കണ്ണെല്ലാം നിറഞ്ഞു. ആദ്യം പാടിക്കേട്ടപ്പോഴേ ഔസേപ്പച്ചൻ അങ്കിൾ പറഞ്ഞത് ‘ഫീൽ മല്ലത്തി’ എന്നാണ്. അത്രയും ഫീലോടെയാണ് പാടിയത്. കാരണം എന്റെ അച്ഛനെ ഓർത്തുമാത്രം പാടിയതിനാലാണ്. അല്ലാതെയുള്ള സങ്കടമൊന്നും ആ പ്രായത്തിൽ എനിക്ക് അറിയില്ലായിരുന്നു. സിനിമയേക്കാളും ആ കഥാപാത്രത്തെ ഞാനായി കണ്ട് പാടുകയായിരുന്നു. അത്രയും കഷ്ടപ്പെട്ട് പാടിയതാണ്.
വർഷ രഞ്ജിത്ത്, ഔസേപ്പച്ചൻ (instagram.com/varsharenjith)
ഔസേപ്പച്ചനിലെ സംഗീതസംവിധായകൻ
അദ്ദേഹം ഒരു പെർഫെക്ഷനിസ്റ്റാണ്. എല്ലാം അത്രയും പൂർണതവന്നാൽ മാത്രമേ തൃപ്തിപ്പെടുകയുള്ളൂ. ഒരോ കുഞ്ഞ് തെറ്റുകൾ പോലും തിരുത്തി തന്നിരുന്നു. അദ്ദേഹം ഉദ്ദേശിച്ചത് പോലെ തന്നെ പാടിയെന്നാണ് എന്നോട് പറഞ്ഞത്. ഔസേപ്പച്ചൻ അങ്കിളിന് എന്നെ അറിയാം. എങ്കിലും പാട്ട് പാടാൻ ഉള്ള വിളി വന്നത് തമിഴ് ഗാനരചയിതാവ് താമര മാം വഴിയാണ്. കെ.ഡി വിൻസന്റ് എന്ന മ്യൂസിക് കോ-ഓർഡിനേറ്റർ ഉണ്ട്. അദ്ദേഹവും താമര മാമിനോട് എന്റെ പേര് നിർദേശിച്ചു. കാരണം വിൻസന്റ് അങ്കിൾ എന്റെ പാട്ടുകൾ കേട്ടിട്ടുണ്ട്. ഈ പാട്ട് എന്റെ ശബ്ദത്തിന് യോജിക്കുമെന്ന് അദ്ദേഹത്തിന് തോന്നി. താമര മാമിനും ഈ പാട്ട് ഞാൻ പാടിയാൽ നന്നാകും എന്ന് തോന്നി. എന്റെ പാട്ടുകൾ അവർ ശ്രദ്ധിച്ചിരുന്നു. രണ്ടുപേരും എന്നെ തന്നെയാണ് നിർദേശിച്ചത് എന്ന കൗതുകവും ഈ പാട്ട് എന്നിലേക്ക് എത്തിയതിന് പിന്നിലുണ്ട്. ഔസേപ്പച്ചൻ അങ്കിളിനായി വാങ്ക് എന്ന സിനിമയ്ക്കായും പാടിയിട്ടുണ്ട്. ആ ഗാനം ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചിരുന്നു.
വര്‍ഷ ഔസേപ്പച്ചനൊപ്പം (ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്)
അവാർഡ് അപ്രതീക്ഷിതം
അവാർഡ് ലഭിച്ചെന്ന വാർത്ത ഞാൻ ആദ്യം വിശ്വസിച്ചില്ല. 2020ൽ പാടി വച്ചൊരു പാട്ടാണ്. ആ പാട്ടിന് ഇത്രവർഷം കഴിഞ്ഞൊരു അവാർഡ് എന്താണ് എന്ന് എനിക്ക് ഉൾക്കൊള്ളാൻ ആയില്ല.ഏത് സോങ്ങിനാ എന്നായിരുന്നു ഞാൻ ആദ്യം ചോദിച്ചത്. പ്രാങ്ക് കോൾ ആകുമെന്നാണ് കരുതിയത്. വീണ്ടും അച്ഛന്റെ ഫോണിലേക്ക് അഭിനന്ദനം അറിയിച്ചുള്ള ഫോൺകോളുകൾ എത്തിയതോടെയാണ് ഞാൻ വാർത്ത വിശ്വസിച്ചത്. അവാർഡ് ഉണ്ടെന്ന സ്ഥിരീകരിക്കുന്നത് വരെ ഞാനും അച്ഛനും അമ്മയും മുൾമുനയിലായിരുന്നു. സന്തോഷം കൊണ്ട് എനിക്ക് എന്റെ കണ്ണുനിറയുന്ന അനുഭവമായിരുന്നു ആ അവാർഡ് വാർത്ത.
വർഷ രഞ്ജിത്ത് (instagram.com/varsharenjith)
കവർ സോങ്ങ് മാത്രമല്ല എന്റെ ഐഡന്റിറ്റി
കവർ സോങ്ങ് പാടുന്ന കുട്ടിയെന്ന പേരിലാണ് എന്നെ ഇപ്പോൾ തിരിച്ചറിയുന്നത്. അതിൽ എനിക്ക് സന്തോഷമുണ്ട്. പലരും തിരിച്ചറിയുന്നത് ആ കവറുകളുടെ പേരിലാണ്. പല കവർ സോങ്ങുകൾക്കും നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നാൽ അത് മാത്രമല്ല എന്റെ ഐഡന്റിറ്റി. നാല് വയസുമുതൽ സിനിമയിൽ പാടിത്തുടങ്ങിയതാണ്. ആർക്കും അക്കാര്യം അറിയില്ല. എഴുപതോളം സിനിമകളിൽ ഞാൻ പാടിക്കഴിഞ്ഞു. ആ രീതിയിൽ എന്നിലെ ഗായിക അറിയപ്പെട്ടിട്ടില്ല എന്ന വിഷമമുണ്ട്. അത് ഒരു പരിഭവമല്ല. എന്റെ കഠിനാധ്വാനം അറിയപ്പെടാതെ, തിരിച്ചറിയപ്പെടാതെ പോയി എന്നതാണ്. കുഞ്ഞായിരിക്കുമ്പോൾ മുതൽ അച്ഛനൊപ്പം ചെന്നൈയിലെ സ്റ്റുഡിയോകളിൽ പോകാറുണ്ടായിരുന്നു. നാലുവയസ്സിലാണ് പാടിത്തുടങ്ങിയത്. അന്ന് സ്റ്റുഡിയോയിൽ പോയാൽ വീട്ടിൽ പോകാൻ വാശിപിടിച്ച് കരയുമായിരുന്നു. അന്ന് അതിന്റെ ഗൗരവം അറിയില്ലല്ലോ. ഇത് സ്റ്റുഡിയോ ആണ് എന്നും മൈക്ക് ആണ് എന്നൊന്നും അറിയേണ്ട പ്രായമായിരുന്നില്ല. അച്ഛൻ പറഞ്ഞാൽ പാടും അത്രയേ അന്ന് അറിയൂ.
വർഷ ആദ്യപാട്ടിന്റെ റെക്കോര്‍ഡിങ്ങിനിടെ
പരസ്യചിത്രങ്ങൾക്ക് വേണ്ടിയുള്ള ജിങ്കിൾസും ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. ഔസേപ്പച്ചൻ, വിദ്യാസാഗർ, എം.ജയചന്ദ്രൻ, ഗോപി സുന്ദർ,ഡി.ഇമ്മൻ, അച്ഛന്റെ സഹോദരൻ കൂടിയായ ശരത്, കെ.കെ, എന്നിവർക്കായി പാട്ട് പാടിയിട്ടുണ്ട്. മലയാളത്തിൽ വാങ്ക് എന്ന ചിത്രത്തിനായി പാടി.അതിഭീകരകാമുകൻ എന്ന ചിത്രത്തിലെ ക്ലൈമാക്സ് സോങ്ങിനായും പാടിയിട്ടുണ്ട്. സ്ലീപ്പ് റൂം എന്ന സിനിമയ്ക്ക് സംഗീതം നൽകിയിട്ടുണ്ട്. അതിൽ മൂന്ന് പാട്ടുകൾ ചെയ്തിരുന്നു.
അറിയാതെ പോയ ആഗായം മേലെ
ചിത്രയ്ക്കും സുജാതയ്ക്കുമൊപ്പം (ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്)
ആഗായം പോലെ എന്ന ഗാനം പാടിയത് എന്റെ അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനും അറിയാം. സിനിമ ശ്രദ്ധിക്കപ്പെടാതെ പോയതിനാൽ പാട്ടിന് അത്രയും അംഗീകാരം കിട്ടിയില്ല. അതിനാൽ അത്രയും നല്ലൊരു പാട്ടാണ് തിരിച്ചറിയപ്പടാതെ പോയത്. ഇപ്പോൾ അവാർഡ് വാർത്ത വന്നതിനാൽ നിരവധി ഫോൺ കോളുകൾ വരുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ മെസേജുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത്രയും നല്ല പാട്ട് കേൾക്കാൻ വൈകി എന്നതാണ് പലരും പറയുന്നത്. ഇപ്പോൾ എല്ലാവരും അഭിനന്ദിക്കുമ്പോൾ അത്രയും സന്തോഷമുണ്ട്. കാരണം വൈകാരികമായി അടുപ്പമുള്ള പാട്ടാണ് അത്. പുരസ്കാര വാർത്ത അറിഞ്ഞ് ചിത്ര ആന്റി, സുജാത ആന്റി, ബിന്നി ആന്റി (ബിന്നി കൃഷ്ണകുമാർ), എം ജയചന്ദ്രൻ അങ്കിൾ ,വൈക്കം വിജയലക്ഷ്മി ചേച്ചി , സുദീപ് അങ്കിൾ എന്നിവരെല്ലാം വിളിച്ചിരുന്നു. അതും ഒരു സന്തോഷമാണ്.
മത്സരിക്കുന്നത് എന്നോട് തന്നെ
റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ കൂട്ടുകാരും വീട്ടുകാരും പറയാറുണ്ട്. പക്ഷേ എനിക്ക് മറ്റുള്ളവരോട് മത്സരിക്കാൻ അല്ല എന്നോട് തന്നെ മത്സരിക്കാനാണ് താൽപര്യം. ഒരുപക്ഷേ ഞാൻ നാളെ ഇത്തരം റിയാലിറ്റി ഷോയിൽ പങ്കെടുത്തേക്കാം. പക്ഷേ ഇപ്പോൾ ഞാൻ എന്നോട് തന്നെ മത്സരിക്കുകയാണ്. ഇന്ത്യൻ ഐഡളിലേക്ക് അഞ്ച് തവണയിലധികം വിളിച്ചു. ഇപ്പോഴില്ല എന്ന് പറഞ്ഞ് ഒഴിവാക്കാറാണ്. മറ്റുള്ളവരോട് ഈഗോ വച്ച് പുലർത്താൻ എനിക്കാകില്ല. മത്സരിക്കാനും. അതിനാലാണ് ഇത്തരം മത്സരങ്ങൾ ഒഴിവാക്കുന്നത്.
പുതിയ ഭാഷകളും പുതിയ പാട്ടുകളും ഇഷ്ടം
വർഷ ശരത്തിനൊപ്പം (ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്)
കവർ സോങ്ങുകൾ പാടാൻ ഏറെയിഷ്ടമാണ്. എന്നെ തന്നെ ചാലഞ്ച് ചെയ്യാനാണ് ഇഷ്ടം. പാട്ടിൽ പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടമാണ്. പുതിയ ഭാഷകളിലുള്ള പാട്ടുകൾ പഠിക്കാനും ആ ഭാഷയിലെ പാട്ടുകളുടെ സൗണ്ടിങ്ങ് എനിക്ക് വഴങ്ങുമോ എന്നറിയാനും ഇഷ്ടമാണ്. അറബിക് സോങ്ങ് പാടി യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. ആ പാട്ട് പാടിയ ഗായിക തന്നെ എനിക്ക് മെസേജ് അയച്ചു. അറബിയിൽ ആയിരുന്നു മെസേജ്. എന്റെ ഒരു അങ്കിളാണ് അത് ട്രാൻസലേറ്റ് ചെയ്ത് തന്നത്. അവിടെ ഒരു റിയാലിറ്റി ഷോയിലേക്ക് പാടാൻ അവർ ക്ഷണിച്ചിരുന്നു.
സംഗീതമാണ് എന്റെ ഭാവി
വർഷ രഞ്ജിത്ത് (instagram.com/varsharenjith)
സംഗീതവുമായി തന്നെ മുന്നോട്ട് പോകുവാനാണ് ഇഷ്ടം. പാട്ടാണ് എന്റെ ലോകം. സ്വതന്ത്രമായി ട്രാക്കുകൾ ചെയ്യണം. ഭാവിയിൽ ഒരു ബാൻഡ് തുടങ്ങാനുമെല്ലാം ആഗ്രഹമുണ്ട്. സിനിമകൾക്ക് സംഗീതം നൽകിയിരുന്നു. സിനിമ പുറത്തിറങ്ങിയില്ല. മൂന്ന് പാട്ടുകൾ ചെയ്തിട്ടുണ്ട്. പാട്ടും പഠനവും ഒരുമിച്ച് എനിക്ക് ആകില്ല. പാട്ടുമായി പോകും. കൊല്ലം ഫാത്തിമ മാത നാഷണൽ കോളജിൽ ബികോം ഫിനാൻസ് മൂന്നാം വർഷ വിദ്യാർഥിയാണ്. ഈ കോഴ്സ് കഴിഞ്ഞ് വേണം സിംഗിൾസ് ഇറക്കാനെല്ലാം. പാട്ട് തന്നെയാണ് എന്റെ ഇഷ്ടം.
പാട്ടുമാത്രമല്ല…
വർഷയും അച്ഛൻ രഞ്ജിത്ത് വാസുദേവനും (ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്)
യുക്കുലെലെ, വീണ, ഗിറ്റാർ എല്ലാം വായിക്കും. അച്ഛന്റെ പാട്ടിൽ ഈ ഉപകരണങ്ങൾ വായിച്ചിട്ടുണ്ട്. ഔസേപ്പച്ചൻ അങ്കിളിനായും യുക്കേലേല വായിച്ചിട്ടുണ്ട്. സീനു എന്ന ഒരു അങ്കിളുണ്ട്. ആളിപ്പോൾ നമ്മോടൊപ്പമില്ല. എല്ലാ സംഗീതോപകരണങ്ങളും അദ്ദേഹം വായിക്കും. എ.ആർ റഹ്മാൻ സാറിനും ഡി.ഇമ്മൻ സാറിനും എല്ലാം പശ്ചാത്തലസംഗീതത്തിനായി സംഗീതോപകരണം വായിക്കുന്ന വ്യക്തിയാണ് സീനു. ഞാൻ യുക്കുലേലെ വായിക്കുന്നത് കേട്ട് സീനു അങ്കിൾ എന്നെ കാണാൻ വിളിപ്പിച്ചു. എന്റെ വായന കേട്ട് അദ്ദേഹം അദ്ദേഹത്തിന്റെ യുക്കുലേല എനിക്ക് സമ്മാനിച്ചു. എന്റെ കാലിൽ വീണു. എന്നിട്ട് സംഗീതത്തിന് പ്രായമില്ല എന്ന് പറഞ്ഞു. അത് വല്ലാതെ എന്നെ സ്പർശിച്ച അനുഭവമായിരുന്നു
അച്ഛൻ തന്നെ ആദ്യ ഗുരു
വർഷയും കുടുംബവും ഡി.ഇമ്മനൊപ്പം (ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്)
അച്ഛൻ (രഞ്ജിത്ത് വാസുദേവൻ)തന്നെയാണ് ആദ്യഗുരു. അച്ഛൻ സംഗീതസംവിധായകനാണ്. അച്ഛനിലൂടെയാണ് പല അവസരങ്ങളും എനിക്ക് വന്നത്. ചെന്നൈയിലായിരുന്നു 12ആം ക്ലാസ് വരെ പഠിച്ചത്. ബിന്നി കൃഷ്ണകുമാറാണ് അവിടെ സംഗീതം പഠിപ്പിച്ചത് ഇപ്പോൾ നന്ദിനി മാമിന് (എൻ.ജെ നന്ദിനി) കീഴിലാണ് സംഗീതം പഠിക്കുന്നത്. പ്രിയപ്പെട്ട ഗായിക ശ്രേയ ഘോഷാലാണ്. ആദ്യമൊക്കെ മലയാളം ബുദ്ധിമുട്ടായിരുന്നു. തമിഴ്നാട്ടിൽ പഠിച്ച് വളർന്നതുകൊണ്ട്. ഇപ്പോൾ നേരെ തിരിച്ചായി. മലയാളം ഉറച്ചപ്പോൾ തമിഴ് ഇറങ്ങിപ്പോയി.
കുടുംബമാണ് എല്ലാം, വഴക്ക് പ്രാക്ടീസ് ചെയ്യാൻ മാത്രം
കുടുംബമാണ് എന്റെ എല്ലാം. അച്ഛൻ രജ്ഞിത്ത് വാസുദേവൻ, അമ്മ ഷീബ , ചേട്ടൻ വൈശാഖ് ഇവരാണ് എന്റെ പിന്തുണ. സംഗീതമാണ് എന്റെ വഴി എന്ന് പറഞ്ഞപ്പോൾ അത്രയും സന്തോഷിക്കുന്ന കുടുംബമാണ്. എന്റെ ഇഷ്ടമാണ് അവരുടേതും. അച്ഛന്റെ മകൾ, ശരത്തിന്റെ സഹോദരപുത്രി എന്നതിലപ്പുറം വർഷ രഞ്ജിത്ത് എന്ന് തന്നെ അറിയപ്പെടണം എന്നാണ് എന്റെ ആഗ്രഹം. എന്റെ കഴിവിലൂടെ വേണം എന്നെ അറിയാൻ. അതാണ് എന്റെ ആഗ്രഹം. അച്ഛനും അമ്മയും കുടുംബവും എല്ലാം എന്റെ ഒരു പുരസ്കാരനേട്ടം അത്രയും ആഗ്രഹിച്ചിരുന്നു. വൈകിയാണെങ്കിലും ആ പാട്ട് അംഗീകരിക്കപ്പെട്ടു. അതിലാണ് സന്തോഷം. മുത്തശ്ശനെ ഹോസ്പിറ്റലിൽ കാണാൻ പോകുമ്പോൾ പോലും യുക്കേലലയുമായി ആശുപത്രിയിൽ പോയ കുട്ടിയായിരുന്നു ഞാൻ. സംഗീതം തന്നെയാണ് എന്നെ നിർവചിക്കുന്നത്. അതാണ് എന്റെ ഇഷ്ടവും.
വർഷ രഞ്ജിത്തിന്റെ പാട്ടുകളിൽ ചിലത്
1. ആഗായം മേേല (തായ്നിലം, സംഗീതം ഔസേപ്പച്ചൻ)
2. മലയുടെ മുകളിൽ, വലതുചെവിയിൽ (വാങ്ക്, സംഗീതം ഔസേപ്പച്ചൻ)
3. അലങ്കാര പുതുക്കങ്ങൾ, ജിൽ ജിൽ ജിൽ (സുലേഖ മൻസിൽ, സംഗീതം വിഷ്ണു വിജയ്)
4. തണലാലേ (അതിഭീകരകാമുകൻ, സംഗീതം ബിബിൻ അശോക്)