Follow Us WhatsApp

കണ്ണൂർ∙ രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പു നടന്നെന്ന വി.കുഞ്ഞിക്കൃഷ്ണന്റെ ആരോപണം ഭാവനാ സൃഷ്ടി മാത്രമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. പക മൂത്ത് അന്ധത ബാധിച്ചതുപോലെയാണ് കുഞ്ഞിക്കൃഷ്ണൻ പെരുമാറുന്നത്. പാർട്ടിക്ക് ഒരു പണവും നഷ്ടമായിട്ടില്ല. ബൂത്ത് തലത്തിൽ, പാർട്ടി കുടുംബയോഗങ്ങളിൽ ഫണ്ടിനെ സംബന്ധിച്ച കണക്ക് അവതരിപ്പിക്കുമെന്നും കെ.കെ.രാഗേഷേ് പറഞ്ഞു.

What you should read next

പാർട്ടി പുറത്താക്കിയ കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ സിപിഎം വിരുദ്ധരുടെ ഒത്തുചേരലാണ് നടന്നത്. പുസ്തക പ്രകാശനത്തിന് ആർഎംപിക്കാരും ഉണ്ടായിരുന്നു. എംഎൽഎ ടി.ഐ.മധുസൂദനനോടുള്ള പകയാണ് പുസ്കത്തിലുള്ളത്. പക കാരണം പല കാര്യങ്ങളും മുൻപ് കുഞ്ഞിക്കൃഷ്ണൻ പാർട്ടിയിൽ ഉന്നയിച്ചിട്ടുണ്ട്. പലതും അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ചിലത് അംഗീകരിച്ചിട്ടുണ്ട്. കുഞ്ഞിക്കൃഷ്ണൻ അവതരിപ്പിച്ച കണക്കല്ല ശരിയെന്ന് ഓഡിറ്റർമാർ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നതെല്ലാം ഭാവനാവിലാസമാണ്.

ധനരാജ് രക്തസാക്ഷി ഫണ്ട് ശേഖരിച്ചത് പാർട്ടിക്കാരിൽനിന്നും പാർട്ടിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന സഹകരണ ജീവനക്കാരിൽനിന്നുമാണ്. പൊതുജനങ്ങളിൽനിന്ന് പണം പിരിച്ചിട്ടില്ല. 2022ൽ പയ്യന്നൂർ ഏരിയ കമ്മിറ്റി വരവു ചെലവു കണക്ക് അംഗീകരിച്ചു. പാർട്ടി യോഗങ്ങളിലും കണക്ക് അവതരിപ്പിച്ചു. വിവിധ കമ്മിറ്റികളിൽ അവതരിപ്പിച്ച കണക്ക് ജില്ലാ സെക്രട്ടറിക്ക് മാറ്റി എഴുതാൻ കഴിയില്ല. ബൂത്ത് തലത്തിലെ അനുഭാവി യോഗങ്ങളില്‍ വീണ്ടും കണക്ക് അവതരിപ്പിക്കും. പാർട്ടിയുമായി സഹകരിക്കുന്ന എല്ലാവരെയും യോഗങ്ങളിൽ പങ്കെടുപ്പിക്കും. മാധ്യമങ്ങളുടെ മുന്നിൽ കണക്ക് അവതരിപ്പിക്കില്ല.

What you should read next

രക്തസാക്ഷി ഫണ്ട് വിനിയോഗത്തിൽ ചില പ്രശ്നങ്ങളുണ്ടായതായി കെ.കെ.രാഗേഷ് പറഞ്ഞു. 4 വർഷത്തിനുശേഷമാണ് വരവു ചെലവു കണക്ക് അവതരിപ്പിച്ചത്. കാലയളവ് നീണ്ടതിനാൽ പ്രശ്നങ്ങളുണ്ടായി. പാർട്ടി അക്കാര്യം പരിശോധിച്ചു. ഫണ്ട് നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ, ഫണ്ട് വിനിയോഗിക്കേണ്ട രീതിയിലല്ല വിനിയോഗിച്ചത്. ശേഖരിച്ച ഫണ്ട് സമയബന്ധിതമായി കൃത്യതയോടെ ചെലവാക്കണമായിരുന്നു. വരവു ചെലവു കണക്ക് സമയബന്ധിതമായി അംഗീകരിക്കണമായിരുന്നു. തെറ്റു തിരുത്താൻ പാർട്ടി നടപടിയെടുത്തു. കുഞ്ഞിക്കൃഷ്ണന് അതൊന്നും പോരാ. പകയോടെ പെരുമാറുകയാണ്.

കുടുംബസഹായം, വീടുവയ്ക്കൽ, കേസിന്റെ കാര്യങ്ങൾ എന്നിവയ്ക്കായാണ് ധനരാജ് രക്തസാക്ഷി ഫണ്ട് പിരിച്ചത്. കേസ് നടത്താനാണ് ഏരിയ കമ്മിറ്റിക്ക് രക്തസാക്ഷി ഫണ്ടിൽനിന്നും പണം കൈമാറിയത്. അത് വകമാറ്റലല്ല. ഏരിയ കമ്മിറ്റിയുടെ കെട്ടിടം പണി നടക്കുമ്പോൾ തൽക്കാലം അതിനായി പണം എടുത്തിട്ടുണ്ടാകും. വിമർശനം ഉണ്ടായപ്പോൾ, ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ തുക രക്തസാക്ഷി ഫണ്ടിലേക്ക് മാറ്റാൻ ജില്ലാ കമ്മിറ്റി നിർദേശിച്ചു. കെട്ടിട നിർമാണത്തിനായി ഫണ്ട് മാറ്റിയ കുറ്റത്തിനാണ് പാർട്ടി അംഗങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

ഫണ്ട് ശേഖരണത്തിനുള്ള രസീത് കാണാതായിട്ടുണ്ടെന്നു കെ.കെ.രാഗേഷ് പറഞ്ഞു. പാർട്ടി ഓഫിസ് സെക്രട്ടറിയുടെ കയ്യിൽനിന്നാണ് നഷ്ടപ്പെട്ടത്. അത് അദ്ദേഹം രേഖാമൂലം എഴുതി തന്നു. തുടർന്ന് ഓഫിസ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. ഫണ്ട് ശേഖരണത്തിനായി ടി.ഐ.മധുസൂദനന് കൊടുത്ത റസീപ്സ്റ്റ് തിരികെ വന്നിട്ടുണ്ട്. ആ റസീപ്റ്റ് ഓഡിറ്റിന് വിധേയമാക്കി. എന്തെങ്കിലും തെറ്റുപറ്റിയതായി കണ്ടെത്തിയിട്ടില്ല. റസീപ്റ്റ് അടിച്ചതിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അതിലും മധുസൂദന് തെറ്റുപറ്റിയതായി കണ്ടെത്തിയിട്ടില്ലെന്നും കെ.കെ.രാഗേഷ് പറഞ്ഞു.

English Summary:

K.K. Ragesh Denies Fraud in Dhanaraj Fund: The Dhanaraj Martyr’s Fund fraud allegation has been dismissed by CPM Kannur Secretary K.K. Ragesh as a baseless figment of V. Kunhikrishnan’s imagination fueled by a personal grudge. Ragesh assured that no funds were lost and that the accounts will be transparently presented in party meetings, despite acknowledging some delays in the fund’s utilization.