2026-01-14 16:20:00
ജനുവരി പതിനാലാം തീയതി ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ജനുവരി ഏഴ് ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ അറിയിച്ചുരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധനപരമ്പരയാണ് 2026-ൽ പരിശുദ്ധ പിതാവ് ആരംഭിച്ചത്. ഇതനുസരിച്ച് കഴിഞ്ഞയാഴ്ചയിലെ ആമുഖത്തിന് ശേഷം, “ദേയി വേർബും” (Dei Verbum) എന്ന ദൈവികവെളിപാടിനെക്കുറിച്ചുള്ള ഡോഗ്മാറ്റിക് കോൺസ്റ്റിറ്റ്യുഷനെ ആധാരമാക്കി, “ദൈവം മനുഷ്യരോട്, സുഹൃത്തുക്കളോടെന്നപോലെ സംസാരിക്കുന്നു” എന്ന തലക്കെട്ടോടെ, ദൈവ-മനുഷ്യ ബന്ധത്തിന്റെ പ്രത്യേകതകളെക്കുറിച്ചാണ് പാപ്പാ ജനുവരി പതിനാലാം തീയതിയിലെ പൊതുകൂടിക്കാഴ്ചയിൽ ഉദ്ബോധനത്തിനായി തിരഞ്ഞെടുത്തത്. യൂറോപ്പിൽ അതിശൈത്യമായതിനാൽ, ഈ ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ച വത്തിക്കാനുള്ളിലെ പോൾ ആറാമൻ ശാലയിലാണ് നടന്നത്. പാപ്പായുടെ പ്രഭാഷണത്തിന് മുൻപായി, വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം പതിനഞ്ചാം തിരുവചനം വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു. ആ വചനം ഇപ്രകാരമായിരുന്നു:
“യേശു അവന്റെ ശിഷ്യന്മാരോട് പറഞ്ഞു: ഇനി ഞാൻ നിങ്ങളെ ദാസന്മാർ എന്ന് വിളിക്കുകയില്ല. കാരണം, യജമാനൻ ചെയ്യുന്നതെന്തെന്ന് ദാസൻ അറിയുന്നില്ല. എന്നാൽ ഞാൻ നിങ്ങളെ സ്നേഹിതന്മാരെന്ന് വിളിച്ചു. എന്തെന്നാൽ, എന്റെ പിതാവിൽനിന്ന് കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു” (യോഹ: 15, 15).
സുവിശേഷാവയനായെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.
പ്രിയ സഹോദരീസഹോദരന്മാരെ, ശുഭദിനം, സ്വാഗതം!
നമ്മൾ രണ്ടാം വത്തിക്കാൻ കൗൺസിലിനെക്കുറിച്ചുള്ള ഉദ്ബോധനപാരമ്പരയ്ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. ഇന്ന്, ദൈവികവെളിപാടിനെക്കുറിച്ചുള്ള “ദേയി വേർബും” എന്ന ഡോഗ്മാറ്റിക് കോൺസ്റ്റിറ്റ്യുഷനെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ആരംഭിക്കാം. കൗൺസിൽ സമ്മേളനത്തിലെ ഏറ്റവും മനോഹരമായവയിൽ ഒന്നും പ്രധാനപ്പെട്ടതുമായ ഒരു രേഖയാണിത്. ഇതിനെ മനസ്സിലാക്കാനായി, യേശുവിന്റെ വാക്കുകൾ ഓർമ്മിക്കുന്നത് നന്നായിരിക്കും: “യേശു അവന്റെ ശിഷ്യന്മാരോട് പറഞ്ഞു: ഇനി ഞാൻ നിങ്ങളെ ദാസന്മാർ എന്ന് വിളിക്കുകയില്ല. കാരണം, യജമാനൻ ചെയ്യുന്നതെന്തെന്ന് ദാസൻ അറിയുന്നില്ല. എന്നാൽ ഞാൻ നിങ്ങളെ സ്നേഹിതന്മാരെന്ന് വിളിച്ചു. എന്തെന്നാൽ, എന്റെ പിതാവിൽനിന്ന് കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു” (യോഹ: 15, 15). “ദേയി വേർബും” നമ്മെ ഓർമ്മിപ്പിക്കുന്ന, ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനചിന്തകളിൽ ഒന്നാണിത്. യേശുക്രിസ്തു മനുഷ്യന് ദൈവവുമായുള്ള ബന്ധത്തെ സമൂലമായി മാറ്റുന്നു. ഇനിമുതൽ ഇതൊരു സഹൃദത്തിന്റെ ബന്ധമായിരിക്കും. അതുകൊണ്ടുതന്നെ പുതിയ കരാറിന്റെ ഏക വ്യവസ്ഥ സ്നേഹമാണ്.
നാലാം സുവിശേഷത്തിലെ ഈ ഭാഗത്തെക്കുറിച്ച് വ്യാഖ്യാനിക്കുമ്പോൾ വിശുദ്ധ അഗസ്റ്റിൻ കൃപയുടേതായ കാഴ്ചപ്പാടിനെക്കുറിച്ചാണ് ഊന്നിപ്പറയുക, ഇതിന് മാത്രമാണ് നമ്മെ ദൈവപുത്രനിൽ ദൈവത്തിന്റെ സുഹൃത്തുക്കളാക്കാൻ കഴിയുന്നത് (വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിനുളള വ്യാഖ്യാനം, പ്രഭാഷണം 86). പുരാതനമായ ഒരു ചൊല്ല് ഇപ്രകാരമായിരുന്നു: “അമിച്ചീത്സിയ ഔത് പാരെസ് ഇൻവേനിത്, ഔത് ഫാചിത്” (Amicitia aut pares invenit, aut facit), “സൗഹൃദം ഒന്നുകിൽ തുല്യർക്കിടയിൽ ഉണ്ടാകുന്നു, അല്ലെങ്കിൽ അത് അവരെ അത്തരക്കാരാക്കുന്നു”. നമ്മൾ ദൈവത്തിന് തുല്യരല്ല, എന്നാൽ ദൈവം തന്നെ നമ്മെ തന്റെ പുത്രനിലൂടെ അവനെപ്പോലെയാക്കുന്നു”
അതുകൊണ്ടുതന്നെ, നമുക്ക് വിശുദ്ധ ഗ്രന്ഥത്തിൽ കാണാവുന്നതുപോലെ, ഉടമ്പടിയിൽ അകൽച്ചയുടെ ഒരു ആദ്യനിമിഷമുണ്ട്. ഇത് മനുഷ്യനും ദൈവവുമായുള്ള കരാർ എല്ലായ്പ്പോഴും തുല്യമല്ലാത്തതിനാലാണ്: ദൈവം ദൈവമാണ്, നാം സൃഷ്ടികളാണ്. എന്നാൽ മനുഷ്യശരീരത്തോടെയുള്ള പുത്രന്റെ വരവോടെ, ഉടമ്പടി അതിന്റെ അന്ത്യലക്ഷ്യത്തിലേക്ക് തുറക്കുന്നു. യേശുവിൽ ദൈവം നമ്മെ മക്കളാക്കി മാറ്റുകയും, നമ്മുടെ ദുർബലമായ മാനവികതയിലും, അവനോട് സദൃശ്യരായിരിക്കാൻ വിളിക്കുകയും ചെയ്യുന്നു. അങ്ങനെ, ദൈവവുമായുള്ള നമ്മുടെ സാദൃശ്യം, പാമ്പ് ഹവ്വയോട് ഉപദേശിക്കുന്നതുപോലെ, എതിർപ്പിലൂടെയോ പാപത്തിലൂടെയോ (ഉത്പത്തി 3, 5) അല്ല നേടുന്നത്, മറിച്ച്, മനുഷ്യനായിത്തീർന്ന പുത്രനുമായുള്ള ബന്ധത്തിലൂടെയാണ്.
നമ്മൾ മുൻപ് അനുസ്മരിച്ച, “ഞാൻ നിങ്ങളെ സ്നേഹിതന്മാരെന്ന് വിളിച്ചു” എന്ന കർത്താവായ യേശുവിന്റെ വാക്കുകൾ തന്നെയാണ് “ദേയി വേർബുമിലും” ആവർത്തിക്കപ്പെടുന്നത്. ഈ രേഖ പറയുന്നു: “അദൃശ്യനായ ദൈവം (കൊളോ. 1, 15; 1 തിമോ. 1, 17) ഈയൊരു വെളിപാടിലൂടെ, മനുഷ്യരെ തന്നോടൊത്തുള്ള ഐക്യത്തിനായി ക്ഷണിക്കാനും, അതിൽ അവരെ ചേർക്കാനുമായി, തന്റെ വലിയ സ്നേഹത്താൽ മനുഷ്യരോട് സുഹൃത്തുക്കളോടെന്നപോലെ സംസാരിക്കുകയും (പുറപ്പാട് 33, 11; യോഹ. 15, 14-15), അവരോടൊപ്പമായിരിക്കുകയും ചെയ്യുന്നു (ബറുക്ക് 3, 38). ഉൽപ്പത്തിപ്പുസ്തകത്തിലെ ദൈവം, ആദിമാതാപിതാക്കളോടൊപ്പം ആയിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു (“ദേയി വേർബും, 3). എന്നാൽ പാപം മൂലം ഈ സംഭാഷണം മുറിയുമ്പോഴും, സ്രഷ്ടാവ് തന്റെ സൃഷ്ടികളുമായുള്ള കൂടിക്കാഴ്ചയ്ക്കായി പരിശ്രമിക്കുന്നതും, പലപ്പോഴായി അവരുമായി ഒരു ഉടമ്പടി സ്ഥാപിക്കാൻ ശ്രമിക്കുന്നതും അവസാനിപ്പിക്കുന്നില്ല. ക്രിസ്തീയവെളിപാടിൽ, അതായത്, നമ്മെ തേടിയെത്താനായി, പുത്രനിൽ മാംസമായിത്തീരുമ്പോൾ, മുൻപ് മുറിഞ്ഞുപോയ സംഭാഷണം നിർണ്ണായകമായ രീതിയിൽ പുനഃസ്ഥാപിക്കപ്പെടുന്നു. ഈ ഉടമ്പടി പുതിയതും നിത്യവുമാണ്, അവന്റെ സ്നേഹത്തിൽനിന്ന് നമ്മെ അകറ്റാൻ ഒന്നിനുമാകില്ല. അതുകൊണ്ടുതന്നെ, ദൈവത്തിന്റെ ഈ വെളിപാടിന്, സൗഹൃദസംഭാഷണത്തിന്റേതായ സ്വഭാവമുണ്ട്. മാനുഷികമായ സൗഹൃദാനുഭവങ്ങളിൽ എന്നതുപോലെ, ഈ വെളിപാടും നിശബ്ദത പ്രോത്സാഹിപ്പിക്കുന്നില്ല, മറിച്ച്, യഥാർത്ഥ വാക്കുകളുടെ കൈമാറ്റത്തിലൂടെ പോഷിപ്പിക്കപ്പെടുന്നു.
ദൈവം നമ്മോട് സംസാരിക്കുന്നു, എന്നും “ദേയി വേർബും” എന്ന കോൺസ്റ്റിട്യൂഷൻ നമ്മോട് പറയുന്നുണ്ട്. വാക്കുകളും സരസസംഭാഷണവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക എന്നത് പ്രധാനപ്പെട്ടതാണ്. സരസസംഭാഷണം, ഉപരിപ്ലവമായ കാര്യങ്ങളിൽ നിൽക്കുന്നു. ഇത് ആളുകൾ തമ്മിൽ ഐക്യം വളർത്തുന്നില്ല. എന്നാൽ ആധികാരികമായ ബന്ധങ്ങളിൽ വാക്കുകൾ ഉപയോഗപ്പെടുന്നത് അറിവുകളും വാർത്തകളും കൈമാറാൻ വേണ്ടി മാത്രമല്ല, നമ്മൾ ആരാണെന്ന് വെളിപ്പെടുത്താൻ കൂടിയാണ്. വാക്കിന് അപരനുമായി ബന്ധം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലിന്റേതായ ഒരു മാനം കൂടിയുണ്ട്. അങ്ങനെ നമ്മോട് സംസാരിക്കുമ്പോൾ, തന്നോടുള്ള സൗഹൃദത്തിലേക്ക് നമ്മെ ക്ഷണിക്കുന്ന പങ്കാളിയായാണ് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത്.
ഈയൊരു കാഴ്ചപ്പാടിൽ, ദൈവവചനം നമ്മുടെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പ്രവേശിക്കാൻ വേണ്ടിയുള്ള കേൾവിയുടെ മനോഭാവമാണ് നാം ആദ്യം വളർത്തിയെടുക്കേണ്ടത്. അതേസമയം, നാം ദൈവത്തോട് സംസാരിക്കാൻ വിളിക്കപ്പെട്ടവരാണ്; ഇത് അവൻ ഇപ്പോൾത്തന്നെ അറിയുന്ന കാര്യങ്ങൾ അവനോട് പറയാൻവേണ്ടിയല്ല, മറിച്ച്, നമ്മെ നമുക്കുതന്നെ വെളിപ്പെടുത്താൻ വേണ്ടിയാണ്.
ഇവിടെയാണ് കർത്താവുമായുള്ള സൗഹൃദം ജീവിക്കാനും വളർത്താനും വേണ്ടിയുള്ള പ്രാർത്ഥനയുടെ ആവശ്യമുള്ളത്. ആദ്യം ആരാധനാക്രമ, സമൂഹ പ്രാർത്ഥനകളിലൂടെയാണ് ഇത് സാധിക്കുന്നത്. ഇതിൽ നമ്മളല്ല ദൈവവചനത്തിൽ നിന്ന് എന്താണ് കേൾക്കേണ്ടതെന്ന് തീരുമാനിക്കുന്നത്, മറിച്ച് അവൻ തന്നെയാണ് സഭയിലൂടെ നമ്മോട് സംസാരിക്കുന്നത്. ഇതുകൂടാതെ, ഹൃദയത്തിന്റെയും മനസ്സിന്റെയും ഉള്ളിൽ വരുന്ന വ്യക്തിപരമായ പ്രാർത്ഥനകളിലൂടെയും ഇത് സാധിക്കും. ക്രൈസ്തവന്റെ ദിവസത്തിലും ആഴ്ചയിലും പ്രാർത്ഥനയ്ക്കും ധ്യാനത്തിനും വിചിന്തനത്തിനും വേണ്ടി സമയം മാറ്റിവയ്ക്കാതിരിക്കാനാകില്ല. ദൈവവുമായി സംസാരിക്കുമ്പോൾ മാത്രമേ നമുക്ക് അവനെക്കുറിച്ച് സംസാരിക്കാനാകൂ.
നമ്മുടെ അനുഭവം നമ്മോട് പറയുന്നത്, ഏതെങ്കിലും കാര്യമായ ഭിന്നതയുടെ പ്രവൃത്തി മൂലമോ, ബന്ധങ്ങൾ ഇല്ലാതാകുന്ന വിധത്തിൽ അതിനെ നശിപ്പിച്ചു കളയുന്ന ദിനം പ്രതിയുള്ള അവഗണനയുടെ ഒരു പാരമ്പരയിലൂടെയോ സൗഹൃദങ്ങൾ അവസാനിക്കാമെന്നാണ്. യേശു നമ്മെ സുഹൃത്തുക്കളാകാൻ വിളിക്കുന്നുണ്ടെങ്കിൽ ആ ആഹ്വാനം ശ്രവിക്കപ്പെടാതെ പോകാതിരിക്കാൻ നമുക്ക് പരിശ്രമിക്കാം. നമുക്ക് അതിനെ സ്വാഗതം ചെയ്യാം, ഈ ബന്ധത്തെക്കുറിച്ച് ശ്രദ്ധാലുക്കളാകാം. അപ്പോൾ, ദൈവവുമായുള്ള സൗഹൃദമാണ് നമ്മുടെ രക്ഷയെന്ന് നാം മനസ്സിലാക്കും.
ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു.






