2026-01-30 17:14:00
പിടിയിലായ ജഹിദുൾ ഇസ്ലാം, റംസാൻ അലി എന്നിവർ. (Image: Special Arrangement)
കൊച്ചി∙ എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കോളജ് വിദ്യാർഥികൾ അടക്കമുള്ളവർക്ക് ലഹരി മരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് ഇതര സംസ്ഥാനക്കാരെ ചൈനാ വൈറ്റ് വിഭാഗത്തിൽപ്പെടുന്ന അതിമാരക ലഹരി മരുന്നായ ഹെറോയിനുമായി എക്സൈസ് പിടികൂടി.
കാക്കനാട് ഭാരത് മാതാ കോളജിനു സമീപമുള്ള വാടക കെട്ടിടത്തിൽ നിന്നാണ് അസം കരീംഖജ് സ്വദേശികളായ ജഹിദുൾ ഇസ്ലാം (കബൂത്തർ ഭായി) (29,) റംസാൻ അലി (26) എന്നിവരെ ഡപ്യൂട്ടി കമ്മിഷണറുടെ സ്പെഷൽ ഇന്റലിജൻസ് സ്ക്വാഡ് ടീം, എറണാകുളം ടൗൺ നോർത്ത് സർക്കിൾ, എറണാകുളം ഐബി എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 16 ഗ്രാം ഹെറോയിൻ, ഒരു ഗ്രാം എംഡിഎംഎ, 30 ഗ്രാം കഞ്ചാവ് എന്നിവ എക്സൈസ് കണ്ടെടുത്തു. ലഹരി മരുന്ന് വിൽപ്പന നടത്തി കിട്ടിയ 2,85,000 രൂപയും ലഹരി മരുന്ന് വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച മൂന്ന് സ്മാർട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
10 മില്ലി ഗ്രാം അടങ്ങുന്ന ചെറിയ കുപ്പിക്ക് 1,500 രൂപയാണ് ഈടാക്കിയിരുന്നത്. ആവശ്യക്കാരുടെ പക്കൽ നിന്നു മുൻകൂർ പണം വാങ്ങിയ ശേഷം അസമിലെ അതിർത്തി ഗ്രാമമായ കരീംഖഞ്ചിൽ നിന്ന് ലഹരി മരുന്ന് കാക്കനാടുള്ള വാടക വീട്ടിൽ എത്തിച്ച ശേഷം പണം നൽകിയവരുടെ താമസ സ്ഥലത്ത് നേരിട്ട് എത്തിച്ച് നൽകുന്നതായിരുന്നു വിൽപ്പനയുടെ രീതി. ഓൺലൈൻ ആയി ഇവർ പണം സ്വീകരിച്ചിരുന്നില്ല. ഉപഭോക്താക്കളുടെ ഇടയിൽ ചൈന വൈറ്റ് എന്ന വിളിപ്പേരുള്ള അതിമാരക രാസലഹരിയാണ് എക്സൈസ് പിടിച്ചെടുത്തത്.
ഇത്തരത്തിലുള്ള ലഹരി മരുന്ന് 5 ഗ്രാമിലധികം കൈവശം വക്കുന്നത് 10 വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണ്. കാക്കനാട് തുതിയൂർ ഭാഗത്ത് നിന്ന് അടുത്തിടെ പിടിയിലായ യുവാവിൽ നിന്നാണ് കബൂത്തർ ഭായിയെയും സുഹൃത്തിനേയും കുറിച്ചുള്ള വിവരം എക്സൈസിന് ലഭിക്കുന്നത്. ഭാരത് മാതാ കോളജിനു സമീപമുള്ള വാടക വീട്ടിലിരുന്ന് ഉപഭോക്താക്കൾക്ക് കൈമാറുന്നതിനു ലഹരിമരുന്നു പാക്ക് ചെയ്യുന്നതിനിടെയാണ് എക്സൈസ് സംഘം ഇവരെ കീഴ്പ്പെടുത്തിയത്.
English Summary:
Excise nabs two major suppliers from Assam with ‘China White’ drug meant for college students in Ernakulam. Over Rs 2 lakh in cash and drugs seized.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-health-drugs 40oksopiu7f7i7uq42v99dodk2-list mo-crime-drugbust mo-judiciary-lawndorder-excise 1212eui1ivu69m4j5t4qk9tj7j mo-news-common-keralanews
