2026-01-08 09:55:00
മലപ്പുറത്ത് ഇടതിന് വേരോട്ടമുണ്ടാക്കി നൽകിയ സ്വതന്ത്രപരീക്ഷണം സിപിഎം ഇത്തവണയും തുടരും. ചില അപ്രതീക്ഷിത സ്ഥാനാർഥികളുടെ രംഗപ്രവേശവും പറഞ്ഞുകേൾക്കുന്നു. യുഡിഎഫിന്റെ കോട്ടയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തട്ടകവുമായ വേങ്ങരയിൽ പഴയ ലീഗുകാരനെ തന്നെ സ്വതന്ത്രനാക്കി പോരാട്ടം കടുപ്പിക്കാനാണ് സിപിഎമ്മിലെ ആലോചനകൾ. കുറ്റിപ്പുറത്ത് പണ്ട് ഇടഞ്ഞ ജലീലിനെ ലീഗിൽ നിന്ന് അടർത്തിയെടുത്ത് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിച്ച് സീറ്റ് പിടിച്ചെടുത്തതാണ് ഇടത് കേന്ദ്രങ്ങളെ പുതിയ പരീക്ഷണങ്ങൾക്ക് മോഹിപ്പിക്കുന്നതും. മണ്ഡല പുനരേകീകരണത്തോടെ കുറ്റിപ്പുറം സീറ്റ് ഇല്ലാതാകുകയും ജലീൽ തവനൂരിലേക്കും കുഞ്ഞാലിക്കുട്ടി വേങ്ങരയിലേക്കും തട്ടം മാറ്റി.
To advertise here,
2021-ൽ ലീഗ് വിമതനായി മത്സരിച്ച കെ.പി.സബാഹ് ഇത്തവണ ഇടത് സ്ഥാനാർഥിയാകുമെന്നാണ് സൂചനകൾ. 2021-ൽ പതിനായിരത്തിലധികം വോട്ട് നേടാൻ സബാഹിനായിരുന്നു. പാർട്ടി തലങ്ങളിൽനിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് പറയുമ്പോഴും സ്ഥാനാർഥിത്വം സബാഹ് തള്ളുന്നില്ല.
ലോക്സഭയിലേക്കു നിയമസഭയിലേക്കും ചാടി അടിക്കടി ഉപതിരഞ്ഞെടുപ്പുകൾക്ക് കളമൊരുക്കിയെന്നടക്കം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തവണ സബാഹ് കുഞ്ഞാലിക്കുട്ടിക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങിയത്. അന്ന് എസ്ഡിപിഐ തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ച് സബാഹിന് അവസാന നിമിഷം പിന്തുണ പ്രഖ്യാപിച്ചിരുന്നു. സബാഹ് ഇടത് സ്ഥാനാർഥിയായി വന്നാൽ എസ്ഡിപിഐ ബന്ധം ആരോപിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫും ഉള്ളത്.
വേങ്ങരയിൽ കായിക മേഖലയിലും മറ്റു പൊതുരംഗങ്ങളിലും സജീവമായിട്ടുള്ള സബാഹ് കുറച്ചുകാലമായിട്ട് ഇടതുപക്ഷവുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇടതുപ്രചാരണ രംഗത്തും സജീവമായിരുന്നു.
സബാഹിന്റെ സ്ഥാനാർഥി സാധ്യത ഉയരുന്നതിനിടയിലാണ് പി.കെ.കുഞ്ഞാലിക്കുട്ടി മണ്ഡലം മാറുന്നതായുള്ള ചർച്ചകൾ ഉയർന്നുവരുന്നതും. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽനിന്ന് മലപ്പുറത്തേക്ക് മാറുമെന്നാണ് ലീഗ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. വേങ്ങരയിൽ സബാഹിന്റെ സ്ഥാനാർഥിത്വം മുന്നിൽ കണ്ടാണ് അദ്ദേഹം മണ്ഡലം മാറുന്നതെന്ന പ്രചാരണമാണ് മണ്ഡലത്തിൽ ഇടതു അനുഭാവികൾ അഴിച്ചുവിടുന്നത്. 2021-ൽ സിപിഎം പി.ജിജിയെ ആണ് മത്സരിപ്പിച്ചത്. 30,522 വോട്ടിന്റെ ഭൂരിപക്ഷത്തനാണ് പി.കെ.കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ വിജയിച്ചത്. എന്നാൽ 2016-ൽ കുഞ്ഞാലിക്കുട്ടിക്ക് തന്നെ ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കുറവായിരുന്നു ഇത്. 2016-ൽ 38,057 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിജയം. സ്വതന്ത്രനായി നിന്ന് കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ട് പിടിച്ച കെ.പി.സബാഹ് ഇത്തവണ ഇടതുസ്വതന്ത്രനായി എത്തിയാൽ മത്സരം കടുക്കുമെന്ന് ഇടത് കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നു.
ലീഗ് നേതാക്കൾ മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളിൽ ഭൂരിപക്ഷം ഉയരുകയും തന്റെ ഭൂരിപക്ഷത്തിൽ ഇടിവ് സംഭവിക്കുകയും ചെയ്താൽ അത് ക്ഷീണമായി വ്യാഖ്യാനിക്കപ്പെടാമെന്നതും അതാണ് മലപ്പുറത്തേക്ക് മാറാനുള്ള ആലോചനകൾക്ക് പിന്നിലെന്ന് ഇടതുകേന്ദ്രങ്ങൾ പറയുന്നു. മണ്ഡലമാറ്റം സംബന്ധിച്ച് അദ്ദേഹം പ്രതികരണമൊന്നും ഇതുവരെയും നടത്തിയിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ടുയരുന്ന വാർത്തകൾ കുഞ്ഞാലിക്കുട്ടി നിഷേധിച്ചിട്ടില്ല.
എന്നാൽ 2017ലെ ഉപതിരഞ്ഞെടുപ്പിനേക്കാൾ 2021ൽ കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷം ഉയർത്തുകയാണ് ഉണ്ടായിട്ടുള്ളതെന്നാണ് ലീഗ് അനുഭാവികൾ ചൂണ്ടിക്കാട്ടുന്നത്. എം.എൽ.എ. ആയിരിക്കെ ലോക്സഭയിലേക്ക് പോവുകയും പിന്നീട് എം.പി. സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തതിനെ തുടർന്ന് മണ്ഡലത്തിൽ ചെറിയരീതിയിൽ അസ്വസ്ഥകൾ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ അത്തരമൊരു സാഹചര്യമില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.
സിറ്റിങ് എംഎൽഎ പി.ഉബൈദുള്ള ടേം വ്യവസ്ഥ പ്രകാരം ഇത്തവണ മത്സരിക്കാനിടയില്ല. ആ സാഹചര്യത്തിലാണ് മലപ്പുറത്തേക്ക് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പേര് സജീവമായി പറഞ്ഞുകേൾക്കുന്നത്. 2016-ൽ നേടിയ 35,672 ഭൂരിപക്ഷത്തേക്കാൾ 464 വോട്ട് ഉബൈദുള്ളയ്ക്ക് കുറഞ്ഞിരുന്നു. 2011-ൽ 44,508 വോട്ടായിരുന്നു ഭൂരിപക്ഷം. അതിനോടടുത്തോ അതിന് മുകളിലോ ഭൂരിപക്ഷം ഇത്തവണ പി.കെ.കുഞ്ഞാലിക്കുട്ടി നിന്നാൽ നേടാമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
Content Highlights: CPM eyes an independent candidate experiment in Vengara, a UDF stronghold and P.K. Kunhalikutty`s turf
Subscribe to our Newsletter
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related reading