Shammy Thilakan Speaks Out: Late Kerala State Award Invite Raises Questions

2026-01-29 18:12:00

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് തന്റെ പക്കലെത്തിയത് ചടങ്ങ് കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമെന്ന് നടന്‍ ഷമ്മി തിലകന്‍. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് കത്തെത്താന്‍ ഇത്രയും കാലതാമസം കൊറിയര്‍ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി കരുതുന്നില്ലെന്നും സാംസ്കാരിക വകുപ്പ് കത്തയ്ക്കാന്‍ വൈകിയെന്ന് കരുതുന്നതായും ഷമ്മി തിലകന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചു. സാംസ്കാരിക വകുപ്പിന്റെ ഈ സമയനിഷ്ഠയെ താന്‍ എങ്ങനെയാണ് പ്രശംസിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. (shammy thilakan on late invite for kerala state award function)

Read Also: ബി എന്‍ ഹസ്ക്കറും പാര്‍ട്ടി വിട്ടു; ഇടത്പക്ഷത്തോട് വിടപറയുന്ന രണ്ടാമത്തെ നിരീക്ഷകന്‍

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

സമയം കഴിഞ്ഞ് എത്തിയ ‘മഹനീയ’ സാന്നിധ്യം!
സംഭവം കൗതുകകരമാണ്. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷമായി തന്നെ അത് നടന്നു കഴിഞ്ഞു.
പക്ഷേ, എന്റെ ‘മഹനീയ സാന്നിധ്യം’ അവിടെ വേണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള അക്കാദമിയുടെ സ്നേഹനിര്‍ഭരമായ ക്ഷണക്കത്ത് എന്റെ കൈകളില്‍ എത്തുന്നത് ഇന്നാണ്-ജനുവരി 29 വ്യാഴാഴ്ച വൈകുന്നേരം 5.30-ന്!
അതായത്, അവാര്‍ഡ് വാങ്ങിയവരും കൊടുത്തവരും വീട്ടില്‍ പോയി നാല് ദിവസം കഴിഞ്ഞു എന്ന് ചുരുക്കം.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയര്‍ എത്താന്‍ നാല് ദിവസം പിടിക്കില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അപ്പോള്‍ പിന്നെ ചടങ്ങ് കഴിഞ്ഞ് 26-നോ 27-നോ കത്തയച്ച സാംസ്കാരിക വകുപ്പിന്റെ ആ ‘സമയനിഷ്ഠ’യെ എങ്ങനെയാണ് പ്രശംസിക്കേണ്ടത്?
ഇതിനെ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അനാസ്ഥ എന്നോ കൊറിയര്‍ കമ്പനിയുടെ കുറ്റം എന്നോ ആരോപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച്, ഇതിലെ ‘ആര്‍ട്ട്’ ആണ് ഞാന്‍ ശ്രദ്ധിക്കുന്നത്!
ചില നിരീക്ഷണങ്ങള്‍:
‘വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാന്‍ പോകുന്നത് നമ്മുടെ ശീലമല്ല’ എന്നത് മുന്‍കൂട്ടി കണ്ട് ചടങ്ങ് കഴിഞ്ഞു മാത്രം വിളിക്കുന്ന ഈ ‘അഡ്വാന്‍സ്ഡ്’ ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റു.
‘സമയം എന്ന മഹാപ്രവാഹത്തിന് തടയിടാന്‍ ആര്‍ക്കും കഴിയില്ല’ എന്ന വലിയ തത്വം ചലച്ചിത്ര അക്കാദമി എന്നെ ഓര്‍മ്മിപ്പിക്കുകയാണോ?
അതോ, ചരിത്രം നടന്നുകൊണ്ടിരിക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്നതിനേക്കാള്‍ നല്ലത്, അത് ചരിത്രമായ ശേഷം ആ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നതാണോ?
പരാതികളില്ല, പരിഭവങ്ങളുമില്ല. പക്ഷേ ഒരു ചെറിയ സംശയം മാത്രം ബാക്കി നില്‍ക്കുന്നു… അടുത്ത വര്‍ഷത്തെ അവാര്‍ഡ് ദാന ചടങ്ങിനുള്ള ക്ഷണം കൂടി ഇപ്പോഴേ അയച്ചു വിട്ടാല്‍, ഒരുപക്ഷേ ചടങ്ങ് കഴിയുന്നതിന് മുന്‍പെങ്കിലും അത് എന്റെ കയ്യില്‍ കിട്ടുമായിരുന്നില്ലേ?
സാംസ്കാരിക കേരളമേ, നിങ്ങളിത് കാണുന്നുണ്ടോ? അതോ കണ്ണ് തുറക്കാന്‍ ഇനിയും ‘കൊറിയര്‍’ വരേണ്ടതുണ്ടോ?

Story Highlights : shammy thilakan on late invite for kerala state award function

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉

Leave a Comment