2026-01-27 05:40:00
2013 ഡിസംബര്‍ 29-നാണ് മൈക്കൽ ഷൂമാക്കറുടെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്
ഫോർമുല വൺ (എഫ്1) ഇതിഹാസതാരം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണായക പുരോഗതി. 12 വർഷത്തോളം തുടർന്ന അദ്ദേഹത്തിന്റെ കിടപ്പുജീവിതം അവസാനിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയ മാറ്റമാണ് ഷൂമാക്കറുടെ ആരോഗ്യനിലയിൽ ഇപ്പോഴുണ്ടായിരിക്കുന്നത്. നിവർന്നിരിക്കാനും വീൽ ചെയറിന്റെ സഹായത്തോടെ വീട്ടിലുടനീളം സഞ്ചരിക്കാനും ഇപ്പോൾ ഷൂമാക്കറിന് സാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
To advertise here,
യാദൃശ്ചികമായി സംഭവിച്ച ‘മെഡിക്കൽ മിറാക്കിൾ’ അല്ല ഷൂമാക്കറിന്റെ മാറ്റം. ഭാര്യ കൊറീനയുടെ അചഞ്ചലമായ പിന്തുണയുടേയും നിശ്ചയദാർഢ്യത്തിന്റേയും ഫലമാണ് ഏഴ് തവണ ലോകചാമ്പ്യനായ മൈക്കൽ ഷൂമാക്കറെ നാല് ചുമരുകൾക്കുള്ളിൽ നിന്ന് പുറത്തെത്തിച്ചത്. സ്വിറ്റ്‌സർലൻഡിലേയും സ്‌പെയിനിലേയും വസതികളിൽ ലോകോത്തര ആരോഗ്യ പരിപാലന സംവിധാനങ്ങളാണ് തന്റെ പ്രിയതമനായി കൊറീന ഒരുക്കിയത്. കർശനമായ സ്വകാര്യതയും കൊറീന ഉറപ്പുവരുത്തിയിരുന്നു.

24 മണിക്കൂറും വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ് ഷൂമാക്കർ കഴിഞ്ഞിരുന്നത്. വൈദഗ്ധ്യം നേടിയ നഴ്‌സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായുള്ള മറ്റ് വിദഗ്ധ തെറാപ്പിസ്റ്റുകൾ എന്നിവരെല്ലാം സംഘത്തിലുണ്ട്. കൃത്യമായ ചികിത്സയുടെ ഫലമായി ചുറ്റുപാടുകളെ കുറിച്ചുള്ള അവബോധമുണ്ടായതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ നിലയിൽ കൂടുതൽ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
2013 ഡിസംബർ 29-നാണ് ലോകത്തെ നടുക്കിയ അപകടമുണ്ടായത്. ഫ്രഞ്ച് ആൽപ്‌സിലെ മെറിബെൽ റിസോർട്ടിൽ അവധി ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. മകനൊപ്പം സ്‌കീയിങ് നടത്തുകയായിരുന്ന മൈക്കൽ ഷൂമാക്കർ ട്രാക്കിന് പുറത്തേക്ക് പോകുകയും പാറയിൽ തല ഇടിച്ച് വീഴുകയുമായിരുന്നു.
ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തകർന്നു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ (Traumatic Brain Injury) അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കി. മാസങ്ങൾക്കുശേഷം 2014 ജൂണിലാണ് ഷൂമാക്കർ കോമയിൽ നിന്ന് പുറത്തുവന്നത്. പ്രിയതാരത്തിന് സംഭവിച്ച അപകടവും അദ്ദേഹം കിടപ്പിലായതും ആരാധകരെ വലിയ വേദനയിലാഴ്ത്തിയിരുന്നു. അവർക്ക് സന്തോഷവും പ്രതീക്ഷയും നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്.
Content Highlights: F1 legend Michael Schumacher is showing significant health progress after 12 years. Reports suggest he can now sit up and move using a wheelchair. This recovery is credited to his wife Corinna’s dedication and world-class medical care following his tragic 2013 skiing accident.
Published: 27 Jan 2026, 11:10 am IST
Subscribe to our Newsletter
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.








