Superstar’s Shocking Divorce, Failed Marriages & Saritha’s Tumultuous Life

2026-01-25 03:34:00

സരിതയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം തെളിയുന്ന ചിത്രം നടന്‍ മുകേഷിന്റേതാണ്. അവര്‍ മുകേഷിന്റെ ഭാര്യയായിരുന്നെന്നും ശ്രാവണ്‍, തേജസ് എന്നിങ്ങനെ രണ്ട് ആണ്‍മക്കള്‍ ഈ ബന്ധത്തിലുളളതായും എല്ലാവര്‍ക്കും അറിയാം. 1988–ല്‍ വിവാഹം കഴിച്ച മുകേഷും സരിതയും 13 വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിഞ്ഞു. എന്നാല്‍ ഇത് സരിതയുടെ രണ്ടാം വിവാഹമായിരുന്നു. 1975–ല്‍ വെങ്കിട സുബ്ബയ്യയെ വിവാഹം കഴിച്ച സരിത ഒരു വര്‍ഷത്തിന് ശേഷം ആ ബന്ധം വേര്‍പെടുത്തിയിരുന്നു.  13 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു മുകേഷിനെ ജീവിതത്തിലേക്ക് സ്വീകരിച്ചത്. സിനിമാ സെറ്റില്‍ വച്ച് കണ്ടുമുട്ടി ദീര്‍ഘകാലം പ്രണയിച്ച ശേഷം ഒന്നാവുകയായിരുന്നു. ആ ബന്ധവും ശിഥിലമായതിനെ തുടര്‍ന്ന് മക്കള്‍ക്കൊപ്പം മാറി താമസിച്ച സരിത ഇപ്പോള്‍ മകന്‍ ശ്രാവണിനൊപ്പം യു.എ.ഇയില്‍ താമസിക്കുന്നു.

അച്ഛന്റെയും അമ്മയുടെയും വഴി പിന്‍തുടര്‍ന്ന് ശ്രാവണ്‍ 2018–ല്‍ കല്യാണം എന്ന സിനിമയില്‍ നായകനായെങ്കിലും പടം പരാജയപ്പെട്ടതിനാല്‍ പിന്നീട് അഭിനയിച്ച് കണ്ടില്ല. എന്നാല്‍ ഈ സിനിമയുടെ പുജാ വേളയില്‍ നേരത്തെ ഒരുപാട് ആരോപണ-പ്രത്യാരോപണങ്ങള്‍ നടത്തിയ സരിതയും മുകേഷൂം ഒരുമിച്ച് വേദി പങ്കിട്ടത് കൗതുകമായി. ആ സന്ദര്‍ഭത്തില്‍ മുകേഷ് പുനര്‍വിവാഹിതനായിരുന്നു എന്നതും ഭാര്യ മേതില്‍ ദേവിക ആ ചടങ്ങില്‍ പങ്കെടുത്തില്ല എന്നതും മറ്റൊരു വാര്‍ത്ത. പിന്നീട് മുകേഷും ദേവികയും തമ്മിലുളള ബന്ധവും തകര്‍ന്നു.

മുകേഷും സരിതയും തമ്മില്‍ ഒരു പുനസമാഗമം ഉണ്ടായതുമില്ല. ഒരു പ്രതിസന്ധിഘട്ടത്തില്‍ തങ്ങളെ പൊന്നുപോലെ പോറ്റി വളര്‍ത്തിയ അമ്മയ്ക്കൊപ്പമാണ് മക്കള്‍ ഇന്നും. അതേ സമയം അച്ഛനെ അവര്‍ തളളിപ്പറഞ്ഞിട്ടില്ല എന്നതും ആദ്യ സിനിമയുടെ പൂജാവേളയില്‍ അച്ഛന്റെ സാന്നിധ്യം ശ്രാവണ്‍ ആഗ്രഹിച്ചിരുന്നു എന്നതും മുകേഷിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ക്യാമറയെ അഭിമുഖീകരിച്ചതെന്നതും ശ്രദ്ധേയമായി. എന്നാല്‍ സരിത എന്ന നടിയെ അടയാളപ്പെടുത്തേണ്ടത് ആരുടെയെങ്കിലും മുന്‍ഭാര്യ എന്ന നിലയിലല്ല. ലെ‍ജന്റുകളായ ചലച്ചിത്രകാരന്‍മാര്‍ക്കൊപ്പം നിലവാരമുളള സിനിമകളില്‍ ഉള്‍ക്കരുത്തുളള കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് അവര്‍ സിനിമാ ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. സരിതയുടെ ജീവിതവഴികളിലേക്ക്…

കെ.ബാലചന്ദറിന്റെ സ്ഥിരം നായിക

തെന്നിന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ അഭിനേത്രികളില്‍ മുന്‍നിരയിലായിരുന്നു സരിത. സ്ത്രീകഥാപാത്രങ്ങള്‍ക്ക് മുന്‍തൂക്കമുളള സിനിമകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ കെ.ബാലചന്ദര്‍ മുതല്‍ ഭരതന്‍ വരെയുളളവരുടെ മനസില്‍ ആദ്യം വരുന്ന പേരുകളിലൊന്നായിരുന്നു സരിത. മലയാളത്തില്‍ സരിതയുടേതായി ആദ്യം മനസില്‍ വരുന്ന ചിത്രം മമ്മൂട്ടിക്കും ബേബി ശാലിനിക്കുമൊപ്പം അഭിനയിച്ച സന്ദര്‍ഭം, മുഹുര്‍ത്തം 11.30, ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്നിവയാണ്. എന്നാല്‍ തെലുങ്ക് വംശജയായ അവരുടെ ചലച്ചിത്ര പ്രയാണത്തിന്റെ തുടക്കം അതിനും വളരെ മുന്‍പാണ്.

തമിഴ്,തെലുങ്ക്, കന്നട, മലയാളം എന്നിങ്ങനെ നാല് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച സരിതയ്ക്ക് തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം 4 തവണ ലഭിക്കുകയുണ്ടായി. തെലുങ്കില്‍ നിന്ന് ആറ് തവണയും കന്നഡത്തില്‍ ഒരു തവണയും അവര്‍ മികച്ച നടിയായി ആദരിക്കപ്പെട്ടു. ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പല തവണ ലഭിച്ചു. 1978–ല്‍ ഒരു തെലുങ്ക് ചിത്രത്തിലുടെയാണ് സരിതയുടെ ചലച്ചിത്രപ്രവേശം എന്നത് ഒരു സാങ്കേതികത മാത്രമാണ്. സരിതയിലെ ഉയര്‍ന്ന റേഞ്ചുളള അഭിനേത്രിയെ കണ്ടെടുത്തതും രൂപപ്പെടുത്തിയതും വിശാലമായ തലത്തില്‍ പ്രതിഷ്ഠിച്ചതും തമിഴ് സിനിമയിലെ മാസ്റ്റര്‍ ഫിലിം മേക്കറായ കെ. ബാലചന്ദറായിരുന്നു. ചെന്നെയില്‍ നടന്ന ബൃഹത്തായ ഒരു ഒാഡിഷനിലുടെയാണ് സരിത തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ഒാഡീഷന് വന്ന 162-ാമത്തെ പെണ്‍കുട്ടിയായിരുന്നു സരിത. പക്ഷെ ബാലചന്ദറിന് ഇഷ്ടമായത് സരിതയുടെ പ്രകടനമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഇരുപതിലേറെ സിനിമകളുടെ ഭാഗമായി സരിത.

തപ്പു താളങ്ങള്‍, വണ്ടിച്ചക്രം, പുതുകവിതൈ, അച്ചമില്ല അച്ചമില്ല, മാറോ ചരിത പോലുളള സിനിമകളില്‍ കരുത്തുറ്റ വേഷങ്ങള്‍ അഭിനയിക്കുക വഴി സരിത തന്റെ കരിയർ ഉയർത്തി. അന്ന് തമിഴ് സിനിമയ്ക്ക് പരിചിതമായ നടിമാരുടെ അഴകളവുകൾ അവര്‍ക്കുണ്ടായിരുന്നില്ല. ഒരു ശരാശരി സൗന്ദര്യമുള്ള പെണ്‍കുട്ടിയുടെ രൂപഭാവങ്ങളായിരുന്നു സരിതയ്ക്ക്. എന്നാല്‍ ഇതെല്ലാം അവരുടെ അഭിനയശേഷിക്ക് മുന്നില്‍ നിഷ്പ്രഭമായി. വെല്ലുവിളി ഉയര്‍ത്തുന്ന സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സരിതയല്ലാതെ മറ്റൊരാളില്ല എന്ന അവസ്ഥയായിരുന്നു പലപ്പോഴും. പല കാര്യങ്ങളിലും പൊതുരീതികളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നയാളാണ് സരിത. മേക്കപ്പിടുന്നതില്‍ വിമുഖതയുളള കുട്ടത്തിലായിരുന്നു സരിത. അഭിനയിച്ച പടങ്ങളില്‍ മിക്കതിലും അവര്‍ മേക്കപ്പ് ഉപയോഗിച്ചിട്ടില്ല. സംവിധായകരുടെ ഭാഗത്തു നിന്ന് നിര്‍ബന്ധം ഏറുമ്പോള്‍ വളരെ ലൈറ്റായി മാത്രം മേക്കപ്പിടും. കുടുതല്‍ മേക്കപ്പ് ചെയ്താല്‍ അഭിനയിക്കാന്‍ പ്രയാസമാണെന്ന നിലപാടുകാരിയായിരുന്നു അവർ.

മമ്മൂട്ടിയുടെ ‘സ്ഥിരം ഭാര്യ’

കന്നടയില്‍ അന്നത്തെ സൂപ്പര്‍താരം ഡോ.രാജ്കുമാറിനും വിഷ്ണുവര്‍ദ്ധനനും ഒപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച സരിത പിന്നീട് നായികാ പ്രാധാന്യമുളള പടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 1980–ല്‍ സുജാത എന്ന പടത്തില്‍ ക്യാന്‍സര്‍ രോഗിയായി വന്ന സരിത തലമുണ്ഡനം ചെയ്ത് രൂപമാറ്റം വരുത്തി. ജൂലിഗണപതിയിലെ മനോരോഗിയാകാന്‍ അമിതമായി വണ്ണം വര്‍ദ്ധിപ്പിച്ചു. സിനിമകള്‍ വലിയ തോതില്‍ ചര്‍ച്ചയായെങ്കിലും തിയറ്ററുകളില്‍ വിജയം കണ്ടില്ല. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു അവരുടെ സിനിമകള്‍ ഏറെയും. അതില്‍ സന്ദര്‍ഭവും മുഹുര്‍ത്തം 11.30 പോലുളള പടങ്ങള്‍ നുറിലധികം ദിവസങ്ങള്‍ ഓടി ചരിത്രംസൃഷ്ടിച്ചു. മീന ബാലതാരമായി മലയാളത്തില്‍ പ്രത്യക്ഷപ്പെടുന്നത് സരിതയുടെ മകളായിട്ടായിരുന്നു. ചിത്രം ഒരു കൊച്ചുകഥ ആരുംപറയാത്ത കഥ. അതിലും നായകന്‍ മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയുടെ ഭാര്യാ കഥാപാത്രത്തെ ഏറ്റവും സുന്ദരമായി അഭിനയിച്ച് ഫലിപ്പിച്ച നടി കൂടിയായിരുന്നു സരിത. സംഘത്തിലും കുട്ടേട്ടനിലും തനിയാവര്‍ത്തനത്തിലും കാതോട് കാതോരത്തിലുമെല്ലാം അവര്‍  ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചു. അനിതര സാധാരണമായ ഒരു ബോണ്ടിംഗ് ഈ കോംബോയുടെ പ്രകടനങ്ങളില്‍ കാണാം. 2003 ലെ അമ്മക്കിളിക്കുടാണ് സരിത അവസാനമായി അഭിനയിച്ച മലയാള ചിത്രം.

വ്യക്തിജീവിതത്തിലെ തെറ്റായ തീരുമാനങ്ങള്‍ കാലാന്തരത്തില്‍ അവരുടെ കരിയറിനെ ദോഷകരമായി ബാധിച്ചു. രണ്ട് ദാമ്പത്യങ്ങളും തകര്‍ന്ന ശേഷം അഭിനയത്തില്‍ നിന്ന് കുറച്ചൊന്ന് മാറി നിന്ന സരിത കുട്ടികളെ വളര്‍ത്തി വലുതാക്കുന്നതില്‍ വ്യാപൃതയായിരുന്നു. മക്കള്‍ ഒരു നിലയിലായ ശേഷം അവര്‍ നല്ല കഥാപാത്രങ്ങള്‍ വന്നപ്പോള്‍ ചില പടങ്ങളില്‍ മുഖം കാണിച്ചു. ഏറ്റവുമൊടുവില്‍ സരിതയുടെ സാന്നിദ്ധ്യമുണ്ടായചിത്രം ശിവകാര്‍ത്തികേയന്റെ മാവീരന്‍ ആയിരുന്നു. നടി എന്നതിനൊപ്പം മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് സരിത. അഭിനയിച്ച സിനിമകളേക്കാള്‍ കൂടുതല്‍ പടങ്ങളില്‍ ശബ്ദം കൊടുത്ത കലാകാരി എന്ന റെക്കോര്‍ഡും സരിതയ്ക്ക് അവകാശപ്പെട്ടതാണ്. അഭിനയം അവസാനിപ്പിച്ച ശേഷം പോലും ദീര്‍ഘകാലം അവര്‍ ശബ്ദ കലാകാരിയായി തുടര്‍ന്നു. 150 ലേറെ പടങ്ങളില്‍ അഭിനയിച്ച സരിത 200 ഓളം സിനിമകള്‍ക്ക് ശബ്ദം നല്‍കി.

ഡബ്ബിങ്ങിലേക്ക് വന്നത്..

ഭാഷ അറിയാത്ത നടിമാർക്ക് വൈകാരിക പുര്‍ണ്ണതയോടെ ശബ്ദം നല്‍കാന്‍  സംവിധായകര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഓഫറുകള്‍ സ്വീകരിച്ചു തുടങ്ങിയതാണ്. പല കഥാപാത്രങ്ങളുടെയും പെര്‍ഫക്ഷനില്‍ ഇതര നടികളുടെ പ്രകടനത്തില്‍ വന്ന പാളിച്ചകള്‍ പോലും മറയ്ക്കാന്‍ സരിതയുടെ ശബ്ദത്തിന് കഴിഞ്ഞു. രണ്ടാമത്തെ വിവാഹവും തകര്‍ന്ന ശേഷം കുട്ടികളുടെ കാര്യങ്ങള്‍ക്ക് കുടുതല്‍ സമയം ആവശ്യമായി വന്നപ്പോള്‍ അഭിനയം സാധിക്കാതെ വന്നു. ആ ഘട്ടത്തില്‍ അവര്‍ ഡബ്ബിംഗിലേക്ക് തിരിഞ്ഞു. രണ്ട് ഗുണങ്ങള്‍ അതുകൊണ്ട് ഉണ്ടായി. ഒന്ന് തന്നിലെ കലാകാരിയെ അടച്ചുപൂട്ടി വയ്ക്കേണ്ടി വന്നില്ല. രണ്ട് ഒരു ഉപജീവനമാര്‍ഗവുമായി.

ദക്ഷിണേന്ത്യന്‍ ഭാഷകളെല്ലാം വശമുളള സരിതക്ക്  പല മുന്‍നിര നടിമാര്‍ക്കും ശബ്ദം നല്‍കാന്‍ സാധിച്ചു.നഗ്മ, വിജയശാന്തി, തബു, സുസ്മിതസെന്‍, രമ്യ കൃഷ്ണന്‍, സൗന്ദര്യ, സുഹാസിനി, മാധവി, സിമ്രാന്‍, റോജ, രാധ, രാധിക …ഇവരെല്ലാം സ്ക്രീനില്‍ സംസാരിച്ചത് സരിതയുടെ ശബ്ദത്തിലായിരുന്നു. തെലുങ്കില്‍ സൗന്ദര്യയ്ക്ക് ശബ്ദം നല്‍കിയതിന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുളള ആന്ധ്ര സര്‍ക്കാര്‍ അവാര്‍ഡ് സരിത 4 തവണ നേടി.

സ്നേഹിച്ചവര്‍ നല്‍കിയ തിരിച്ചടികള്‍

സിനിമയില്‍ അഭിനയിച്ച് വലിയ ആളാവണമെന്നോ പരമാവധി ഉയരങ്ങളില്‍ എത്തണമെന്നോ ആഗ്രഹിച്ച വ്യക്തിയായിരുന്നില്ല സരിത. ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഭര്‍ത്താവിനൊപ്പം ഒരു നല്ല കുടുംബജീവിതം മോഹിച്ചാണ് അവര്‍ മുകേഷിനെ വിവാഹം കഴിച്ചത്. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചതു പോലെ നല്ല രീതിയില്‍ മുന്നോട്ട് പോയില്ല. ഏത് പ്രതിസന്ധി ഘട്ടത്തിലും സരിതക്ക് തുണയായിരുന്നത് അച്ഛനായിരുന്നു.  മുത്തമകനെ രണ്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ അച്ഛന്‍ മരിച്ചുപോയി. അതോടെ അവര്‍ നിരാലംബയായി. പിന്നീട് അച്ഛന്റെ സ്ഥാനത്ത് കണ്ടത് ഭർത‍ൃപിതാവായ ഒ.മാധവനെയായിരുന്നു. ദാമ്പത്യത്തിന്റെ മധുരിമ നിറഞ്ഞ ആദ്യകാലം വളരെ വേഗം കടന്നു പോയി. അന്ന് അവര്‍ ഒരു കാര്യം തിരിച്ചറിഞ്ഞു. ജീവിതം ഒരു സങ്കടക്കടലായി മാറുകയാണ്.

നല്ല നര്‍മ്മബോധമുളള,  സിനിമയിലും വ്യക്തിജീവിതത്തിലും നിരന്തരം തമാശകള്‍ പറഞ്ഞ് എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഭര്‍ത്താവുമൊത്തുളള ജീവിതം എന്നും ആഹ്ളാദം നിറഞ്ഞതാവുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ടുളള ഒരു ദാമ്പത്യത്തെക്കുറിച്ചുളള സ്വപ്നങ്ങളുമായാണ് അവര്‍ വിവാഹമണ്ഡപത്തിലേക്ക് കാലെടുത്തുവച്ചത്. എന്നാല്‍ കാര്യങ്ങള്‍ വിപരീത ദിശയിലേക്കാണ് പോയത്. ഒരു തരത്തിലും മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ അവര്‍ രണ്ട് കുഞ്ഞുങ്ങളുമായി അനിശ്ചിതത്വം നിറഞ്ഞ ഭാവിയിലേക്കിറങ്ങി.

പ്രതിസന്ധികളില്‍ കാലിടറാതെ..

വിവാഹമോചനത്തിന് ശേഷമുളള ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. ഡബ്ബിംഗ് കൊണ്ട് മാത്രം ജീവിതച്ചെലവുകള്‍ക്കുളള പണം കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. അങ്ങനെ വന്നപ്പോള്‍ ലോണെടുത്തു. ആഭരണങ്ങള്‍ വിറ്റു. എല്‍.കെ.ജി മുതല്‍ എം.ബി.ബി.എസ് വരെ ഒരു കുട്ടിയെ പഠിപ്പിക്കാനുളള ചിലവുകള്‍ക്ക് പണം കണ്ടെത്താന്‍ ശരിക്കും ബുദ്ധിമുട്ടി. കുട്ടികള്‍ക്ക് ഒരേ സമയം അച്ഛനും അമ്മയുമായി നില്‍ക്കേണ്ടി വന്നു.   സങ്കല്‍പ്പിക്കാനാവാത്ത വിധം കയ്പേറിയ അനുഭവങ്ങളിലുടെ കടന്നു പോയ വ്യക്തിയായിരുന്നു സരിത. അപ്പോഴും പ്രതിസന്ധികളില്‍ പതറുന്ന സ്ത്രീയായിരുന്നില്ല അവര്‍. നന്നായി കഷ്ടപ്പെട്ടാണെങ്കിലും കുട്ടികളെ മാന്യമായി വളര്‍ത്തി പഠിപ്പിച്ച് സുരക്ഷിതമായ ഒരു നിലയിലെത്തിച്ചു.

എല്ലാം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യാ വിഷന്‍ എന്ന ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍  പ്രമുഖ മാധ്യമപ്രവര്‍ത്തകയും ഇന്ന് ആരോഗ്യവകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജിന് മുന്നിലാണ് സരിത അവര്‍ നേരിട്ട അഗ്നിപരീക്ഷകളെക്കുറിച്ച് തുറന്ന് പറഞ്ഞത്. അപ്പോള്‍ മാത്രമാണ് അവര്‍ ഇത്ര വലിയ പ്രതിസന്ധികളിലുടെ കടന്നു പോയതായി ബാഹ്യലോകം അറിയുന്നത്.  എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ അവര്‍ അഭിമാനം തോന്നുന്ന ഒരു അമ്മയാണ്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമായി ആണ്‍തുണയില്ലാതെ ജീവിതത്തോട് തനിച്ചു നിന്ന് പോരാടി ജയിക്കുക എന്ന ശ്രമകരമായ ദൗത്യത്തില്‍ അവര്‍ മറുകര കണ്ടെത്തി. ഏതൊരു സ്ത്രീയ്ക്കും സരിതയുടെ അനുഭവങ്ങള്‍ ഒരേ സമയം ഒരു പാഠവും മാതൃകയുമാണ്.

Leave a Comment