2026-01-16 06:12:00
വെനസ്വേലയെ സ്വതന്ത്രമാക്കാൻ ട്രംപ് നടത്തിയ നീക്കത്തിനുള്ള അംഗീകാരമായാണ് നൊബേൽ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ചതെന്ന് മരിയ കൊറിന കൊച്ചാഡോ പറഞ്ഞു. പരസ്പര ബഹുമാനത്തിന്‍റെ ഉദാത്തമായ പ്രവൃത്തി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
വാഷിങ്ടണ്‍: തനിക്ക് ലഭിച്ച സമാധാനത്തിനുളള നൊബേല്‍ പുരസ്കാരം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ചതായി വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കോറിന മച്ചാഡോ. വൈറ്റ് ഹൗസില്‍ ട്രംപുമായുളള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മച്ചാഡോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ട്രംപ് പുരസ്കാരവുമായി നിൽക്കുന്ന ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. തന്‍റെ പ്രവർത്തനങ്ങൾക്ക് സമാധാനത്തിനുള്ള നോബൽ പുരസ്കാരം മച്ചാഡോ സമ്മാനിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
വെനസ്വേലയെ സ്വതന്ത്രമാക്കാൻ ട്രംപ് നടത്തിയ നീക്കത്തിനുള്ള അംഗീകാരമായാണ് നൊബേൽ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ചതെന്ന് മരിയ കൊറിന കൊച്ചാഡോ പറഞ്ഞു. പരസ്പര ബഹുമാനത്തിന്‍റെ ഉദാത്തമായ പ്രവൃത്തി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഒരുപാട് അനുഭവിച്ച, തനിക്ക് അത്ഭുതം തോന്നിയിട്ടുള്ള വ്യക്തിത്വത്തിന് ഉടമയാണ് മച്ചാഡോയെന്നും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
വെനസ്വേലയുടെ ഭാവിയെ കുറിച്ച് ട്രംപുമായി ചർച്ച ചെയ്തെന്ന് മച്ചാഡോ പ്രതികരിച്ചു. ധീരമായ ശബ്ദം എന്നാണ് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് മച്ചാഡോയെ വിശേഷിപ്പിച്ചത്. തടവിലായതോടെ കഴിഞ്ഞ വർഷമാണ് മച്ചാഡോ വെനസ്വേല വിട്ടത്. നൊബേൽ പുരസ്കാരം സ്വീകരിക്കാനും മച്ചാഡോ എത്തിയിരുന്നില്ല. മകളാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
നിക്കോളാസ് മദൂറോയെ അമേരിക്ക തടവിലാക്കിയ ശേഷം ആദ്യമായാണ് ഒരു വെനസ്വേലന്‍ നേതാവ് വാഷിങ്ടണിൽ എത്തുന്നത്. മദൂറോയെ സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും മച്ചാഡോയെ ആക്റ്റിങ് പ്രസിഡന്‍റ് ആക്കാന്‍ ട്രംപ് താത്പര്യം കാണിച്ചിരുന്നില്ല. പകരം കോടതി നിര്‍ദേശ പ്രകാരം പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത വൈസ് പ്രസിഡന്‍റ് ഡെല്‍സിറോഡ്രിഗസിനെ അംഗീകരിക്കുന്ന നയമാണ് ട്രംപ് സ്വീകരിച്ചത്. രാജ്യത്തിനുള്ളിൽ പിന്തുണ ഇല്ലാത്തതിനാൽ മച്ചാഡോയ്ക്ക് നയിക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നാണ് ട്രംപ് പറഞ്ഞത്.






